ച്ചകാബേജിനെക്കാൾ പത്തിരട്ടി ഗുണമേന്മ ചുവന്ന കാബേജിനാണെന്ന് കണ്ടെത്തൽ. പച്ചകാബേജിൽ അടങ്ങിയിട്ടുള്ളതിനെക്കാൾ പത്തുമടങ്ങ് കൂടുതൽ വൈറ്റമിൻ എ ചുവന്ന കാബേജിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇരുമ്പിന്റെ അംശവും ചുവന്ന കാബേജിലാണ് കൂടുതലായി കാണുന്നത്.

ഗുണമേന്മയിൽ പച്ച കാബേജിനെ എല്ലാ തരത്തിലും വെല്ലുന്ന ചുവന്ന കാബേജാണ് ഇപ്പോൾ വ്യാപകമായി വിറ്റു പോകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 545 ടൺ ചുവന്ന കാബേജാണ് ഈ വർഷം ബ്രിട്ടണിൽ വിറ്റുപോയത്. പോഷകഗുണം കണക്കിലെടുത്ത് ഇപ്പോൾ പച്ച കാബേജിനെ അപേക്ഷിച്ച് ഏവരും ചുവന്ന കാബേജിലേക്ക് മാറിയിരിക്കുകയാണെന്നാണ് കച്ചവടക്കാർ തന്നെ വ്യക്തമാക്കുന്നു.

ഒരു കപ്പ് ചുവന്ന കാബേജ് കഴിക്കുന്നത് ഒരു ദിവസം നമുക്ക് വേണ്ട വൈറ്റമിൻ എയുടെ 33 ശതമാനവും ലഭ്യമാകുമെന്നാണ് ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷൻ പറയുന്നത്. അതേസമയം ഇതേ അളവിൽ പച്ച കാബേജിലുള്ളത് മൂന്നു ശതമാനം മാത്രം വൈറ്റമിൻ എയാണ്. കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള വൈറ്റമിൻ എ ആവോളം ലഭിക്കുമെന്നതിനാൽ ചുവന്ന കാബേജിനെ ഒരുകാരണവശാലും അകറ്റി നിർത്തരുതെന്ന് ഡോക്ടർമാർ പറയുന്നു. ബീറ്റാ കരോട്ടിൻ, ല്യൂട്ടീൻ, സീക്‌സാന്തിൻ തുടങ്ങിയവയുടെ രൂപത്തിലാണ് വൈറ്റമിൻ എ ചുവന്ന കാബേജിൽ അടങ്ങിയിരിക്കുന്നത്.

വൈറ്റമിൻ എയ്‌ക്കൊപ്പം തന്നെ വൈറ്റമിൻ സിയുടെ കലവറ കൂടിയാണ് ചുവന്ന കാബേജ്. ചർമത്തിന്റെ ചുളിവുകൾ മാറ്റുന്ന ആന്റി ഓക്‌സിഡന്റുകളാണ് വൈറ്റമിൻ സി. ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതും വൈറ്റമിൻ സിയാണ്. രക്തം കട്ടപിടിക്കുന്നതിന് അത്യാവശ്യമായിട്ടുള്ള വൈറ്റമിൻ കെയും ആവോളം ചുവന്ന കാബേജിൽ നിന്നു ലഭ്യമാണ്. വൈറ്റമിൻ കെയുടെ അഭാവം മനുഷ്യശരീരത്തിൽ ഓസ്റ്റിയോപോറോസിസ്, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് വഴിവയ്ക്കും. എന്നാൽ ചുവന്ന കാബേജ് ഭക്ഷണശീലത്തിൽ പെടുത്തുന്നത് ഇത്തരം മാരകരോഗങ്ങളെ ഒരുപരിധിവരെ അകറ്റി നിർത്താൻ സഹായിക്കുന്നതാണ്.

ബ്രൊക്കോളി, ടർണിപ്‌സ് തുടങ്ങിയവയുടെ ഗണത്തിൽ പെടുന്ന ചുവന്ന കാബേജ് സൾഫറിന്റെ നല്ലൊരു സ്രോതസുകൂടിയാണ്. കാൻസറിന് കാരണമാകുന്ന സെല്ലുകളെ നശിപ്പിച്ച് കേടുസംഭവിച്ച സെല്ലുകൾ നന്നാക്കുന്ന ജോലി കൂടി ചുവന്ന കാബേജിലെ സൾഫർ ഘടകം ചെയ്യുന്നു. സ്തനാർബുദം ബാധിച്ച സ്ത്രീകൾ ഏറെ ചുവന്ന കാബേജ് കഴിക്കുന്നത് അവരുടെ രോഗത്തെ പ്രതിരോധിക്കാൻ സഹായകമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ചുവന്ന കാബേജിന്റെ ഉപയോഗം അത്രകണ്ട് വ്യാപകമായിട്ടില്ലെങ്കിലും എവിടേയും ഇതിപ്പോൾ ലഭ്യമാണ്. ചുവന്ന കാബേജിനെ ഇനി വിപണിയിൽ കണ്ടാൽ മുഖം തിരിക്കേണ്ട. ആരോഗ്യപരിപാലനത്തിൽ ചുവന്ന കാബേജിന്റെ സ്ഥാനം മുന്നിൽ തന്നെയാണെന്ന് മനസിലിരിക്കട്ടെ...