ദുബായ്: മീരാ നന്ദൻ സിനിമയിൽ നിന്നും ബ്രേക്കെടുത്ത് റേഡിയോ ജോക്കിയാൻ പോകുന്നു. കുറച്ചുകാലം മുമ്പ് ഇത്തരമൊരു വാർത്ത കാര്യമായി തന്നെ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ദുബായിൽ തുടങ്ങിയ റെഡ് എഫ്എം 94.7 റേഡിയോയിലാണ് മീര അന്ന് ജോലി ചെയ്തത്. മീരയെ മുന്നിൽ നിർത്തിയ എഫ്എമ്മിന് അത്യാവശ്യം പബ്ലിസിറ്റിയും ലഭിച്ചു. എന്നാൽ, തുടങ്ങി ഒരു വർഷം മാത്രം തികയും മുമ്പ് എഫ്എമ്മിന് താഴ് വീഴാൻ പോകുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം റെഡ് എഫ്എം അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മീര അടക്കമുള്ള ജോലിക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെ പലരും രാജിവച്ചു. കമ്പനിയുടെ പോക്ക് നേരായ വഴിയില്ലെന്ന് ബോധ്യമായതോടെ മീരയും സ്ഥാപനം വിട്ടിരുന്നു. എന്നാൽ, ജോലിക്കായി എടുത്ത ജീവനക്കാരിൽ പലർക്കും ശമ്പള കുടിശ്ശിക ഇനിയും ലഭിക്കാനുണ്ട്. ഇവർ കമ്പനി അധികൃതർക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കയാണ്.

രതിനിർവേദം ഫെയിം ശ്രീജിത്ത് വിജയ്, ആദിൽ ഇബ്രാഹിം തുടങ്ങിയ സിനിമാ താരങ്ങളെയും ഉൾപ്പെടുത്തി 2014 നവംബർ മാസത്തിൽ ആരഭിച്ച റേഡിയോ റെഡിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് അജിത് മേനോൻ, സിമി സനിൽ എന്നീ പ്രവാസി മലയാളികൾ ആണ്. എന്നാൽ വേണ്ടത്ര പരിചയസമ്പന്നർ ഇല്ലാത്തതു കാരണം എഫ്എമ്മിന്റെ പ്രവർത്തനം തുടക്കത്തിൽ തന്നെ താളം തെറ്റി. റേഡിയോയിൽ ബി കമ്പനി എന്ന പ്രോഗ്രാമാണ് മീര അവതരിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണി മുതൽ 10 മണി വരെയാണ് ബി കമ്പനിയുടെ പ്രക്ഷേപണം. എന്നാൽ ദുബായ് മലയാളികൾക്കിടയിൽ വേണ്ടത്ര ശ്രദ്ധ നേടാൻ പരിപാടിക്കും സാധിച്ചില്ല.

താരങ്ങൾ അവരുടെ ഇഷ്ട്ടത്തിന് അനുസരിച്ചു പ്രോഗ്രാം അവതരിപ്പിക്കാൻ വരികയും, ഇടയ്ക്കിടയ്ക്ക് മറ്റു രാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പോകുകയും ചെയ്തതോടെ ശ്രോതാക്കളെ ആകർഷിക്കാൻ കഴിയാതെ റേഡിയോ പൂർണ്ണ പരാജയം ആവുകയായിരുന്നു എന്നാണ് ആക്ഷേപം. എന്നാൽ, പിന്നീട് പുതിയ സംരംഭകരുടെ നേതൃത്വത്തിൽ ഇന്ത്യാവിഷൻ മുൻ ചീഫ് എഡിറ്റർ ദിലീപ് കുമാർ അടക്കമുള്ള പല പ്രമുഖരെയും കൊണ്ട് വന്നു നിലവാരം ഉയർത്താൻ ശ്രമം നടന്നുവെങ്കിലും, ശമ്പളം ലഭിക്കാതായതോടെ സ്റ്റേഷൻ വീണ്ടു പ്രതിസന്ധിയിലായി. സിനിമാതാരം മീരനന്ദൻ ഈ റേഡിയോയെ കൈവിടുകയും ചെയ്തു.

ഇപ്പോൾ പഴയ എഫ്എമ്മിൽ നിന്നും രാജിവച്ച് ഭാഗ്യം പരീക്ഷിക്കാൻ ദുബായിലെ മറ്റൊരു മലയാളം റേഡിയോ സ്റ്റേഷനിൽ ഇപ്പോൾ അവതാരകയായി മീരാ നന്ദൻ എത്തിയിട്ടുണ്ട്. ഗോൾഡ് എഫ്എമ്മിന്റെ ഭാഗമായാണ് മീരാ നന്ദൻ എത്തിയത്. അതിനിടെ മാതൃഭൂമിയുടെ ക്ലബ്ബ് എഫ്എമ്മും മത്സരം മുറുക്കി രംഗത്തെത്തിയത്. ദുൽഖറിനെ ബ്രാൻഡ് അംബാസിറാക്കി തുടങ്ങിയ ക്ലബ് എഫ്എമ്മിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം കഴിഞ്ഞ് മാസ് കമ്മ്യൂണിക്കേഷനിൽ പി.ജിയെടുത്ത വ്യക്തിയാണ് മീര. സിനിമയിൽ ഇനി മുതൽ അഭിനയിക്കില്ലെന്നു വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമയെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല. വർഷത്തിൽ മൂന്നോ, നാലോ സിനിമകളിൽ അഭിനയിക്കുമെന്നും മീര നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാനാണ് മീരയുടെ പദ്ധതി.