- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട സംഘർഷത്തിന് നേതൃത്വം നൽകിയ ചലച്ചിത്ര താരം ദീപ് സിദ്ദുവും പിടിയിലായി; ഡൽഹി പൊലീസ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത് പഞ്ചാബിൽ നിന്നും; താരം അറസ്റ്റിലാകുന്നത് 13 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ
ന്യൂഡൽഹി: പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റിൽ. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തെ തുടർന്ന് 13 ദിവസമായി ദീപ് സിദ്ദു ഒളിവിലായിരുന്നു. ഡൽഹിപൊലീന്റെ സ്പെഷ്യൽ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ നിന്നാണ് സിദ്ദു അറസ്റ്റിലായതെന്നാണ് സൂചന. ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി. ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ചെങ്കോട്ടയിൽ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തൻ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ഒരു സംഘം പ്രതിഷേധക്കാർ സിഖ് പതാക ഉയർത്തിയത്. ഇതിന് നേതൃത്വം കൊടുത്തത് ദീപ് സിദ്ദുവാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്. സിദ്ദുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടെ സോഷ്യൽ മീഡിയയിലൂടെ ചെങ്കോട്ട സംഘർഷത്തെ ദീപ് സിദ്ദു ന്യായീകരിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു സിദ്ദുവിന്റെ വാദം. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നിരവധി കർഷക നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ