ഷാർജ: ട്രാഫിക് നിയമലംഘകരെ പിടികൂടാൻ എമിറേറ്റിൽ കഴിഞ്ഞ വർഷം 57 റഡാറുകൾ സ്ഥാപിച്ചുവെന്നും അതുകൊണ്ടു തന്നെ സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നവരുടെ എണ്ണം ഏറെ കുറഞ്ഞുവെന്നും ഷാർജ പൊലീസ്. റെഡ് ലൈറ്റ് മറികടക്കുന്നവരുടെ എണ്ണം 2014-ൽ 26,619 ആയിരുന്നുവെങ്കിൽ 2015-ൽ അത് 23,214 ആയി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

നിരത്തിലൂടെ വാഹനമോടിക്കുന്നവർക്കും  കാൽനടക്കാർക്കും സുരക്ഷിതരായി യാത്ര ചെയ്യുന്നതിനാണ് റെഡ് ലൈറ്റ് മറിടക്കുന്നവരെ പിടികൂടാൻ പൊലീസ് ശ്രമമാരംഭിച്ച്. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കും കൂച്ചുവിലങ്ങിടാൻ റഡാർ സ്ഥാപിച്ചത് സഹായകമായെന്ന് ഡയറക്ടർ ഓഫ് റോഡ് കൺട്രോൾ ആൻഡ് മോണിട്ടറിങ് ഡിപ്പാർട്ട്‌മെന്റ് ജമാൽ അബു അഫ്ര വ്യക്തമാക്കി.

കൂടാതെ ലെയ്ൻ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ സുപ്രധാന റോഡുകളിലും പത്തിലേറെ റഡാറുകളും ക്യാമറകളും സ്ഥാപിച്ചിരുന്നുവെന്നും ഷാർജ പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ 155,440 പേരെയാണ് 2015-ൽ പൊലീസ് പിടികൂടിയത്. ഇത്തരത്തിൽ ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ ഒമ്പത്  അനുസരിച്ച് 800 ദിർഹം പിഴയും എട്ടു ബ്ലാക്ക് പോയിന്റുകളും നൽകും. കൂടാതെ രണ്ടാഴ്ചത്തേക്ക് കാർ കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനം ഉടനെ വേണ്ടവർക്ക് 1500 ദിർഹം പിഴയടച്ചാൽ  തിരിച്ചു നൽകുമെന്നും അധികൃതർ വെളിപ്പെടുത്തി.