- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന നഷ്ടം ഒരു കോടി; യാത്രക്കാർ വളരെ കുറവ്; കൊച്ചി മെട്രോയെ രക്ഷിക്കാൻ നിരക്ക് കുറയ്ക്കും; ഉടൻ തീരുമാനമെന്ന് എംഡി ലോക്നാഥ് ബെഹ്റ; 'കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെ' എന്നു പ്രതികരണം
കൊച്ചി: കൊച്ചി മെട്രോ സർവീസിന്റെ യാത്രാനിരക്ക് കുറയ്ക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്റ. വിദ്യാർത്ഥികൾ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് നിരക്ക് ഇളവ് നൽകുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തിൽ എല്ലാ യാത്രക്കാർക്കും അമ്പത് ശതമാനം നിരക്കിൽ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ടിക്കറ്റ് നിരക്ക് അധികമാണെന്ന ജനവികാരം കണക്കിലെടുത്താണ് റേറ്റ് കുറയ്ക്കാൻ തീരുമാനിച്ചത്. എത്ര കുറയ്ക്കുമെന്നു ധാരണയായിട്ടില്ല. മാനസിക ദൗർബല്യമുള്ളവർക്ക് മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കും. കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് പകുതി നിരക്കു മതിയാവും.
നിരക്കു കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചു കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ ഒരു കാര്യം കൂടി പറഞ്ഞു. 'ഇപ്പോൾ മെട്രോയിൽ ആളില്ല. 1012 പേർ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാൽ നാലാൾ കൂടുതൽ കയറിയാൽ ആത്രയും നല്ലത്. കോടികൾ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങൾ നാട്ടുകാർ ഉപയോഗിക്കട്ടെ'
അതേസമയം, കൊച്ചി മെട്രോ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2021 സെപ്റ്റംബർ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവൽ വൻവിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതിനെ തുടർന്ന് 24 ,25 തീയതികളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ടാറ്റൂ/ മെഹന്തി ഫെസ്റ്റ് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പ്രതിഭാശാലികളായ കലാകാരന്മാർക്കുള്ള മികച്ച വേദിയാണിത്. താൽപ്പര്യമുള്ളവർക്ക് കൊച്ചി മെട്രോയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു ഇടപ്പള്ളി സ്റ്റേഷനിൽ സൗജന്യമായി സ്ഥലം ബുക്ക് ചെയ്യാമെന്നും മെട്രോ അധികൃതർ അറിയിച്ചു.
മെട്രോയുടെ ഓരോ ട്രെയിനിനും വാട്ടർ മെട്രോ ബോട്ടുകൾക്കും നമ്പറിനു പകരം പേരു നൽകുന്ന കാര്യവും ബെഹ്റ പ്രഖ്യാപിച്ചു. ഇഷ്ടമുള്ള ബോട്ടിനെയും മെട്രോയേയും ഇനി പേരുചൊല്ലി വിളിക്കാം. പമ്പ പോയോ, പെരിയാർ ഇന്നു ലീവാണ് തുടങ്ങി ദൈനംദിന വർത്തമാനത്തിൽ നമുക്കു സംബോധന ചെയ്യുകയുമാവാം. ചുരുക്കത്തിൽ, എങ്ങനെ മെട്രോയിൽ ആളെക്കയറ്റാം, കടംകയറി തകർന്നു കിടക്കുന്ന പണപ്പെട്ടിയിൽ നാലു കാശ് എങ്ങനെ എത്തിക്കാം എന്നായിരുന്നു എംഡിയുടെ സജീവമായ ആലോചന.
കൊച്ചിക്കാർ മുഴുവൻ കൊച്ചി മെട്രോ എന്ന് ആവേശത്തോടെ പറയുമ്പോഴും പ്രതിദിന നഷ്ടം ഒരു കോടി രൂപ വരെ നേരിടുന്നതിന്റെ കാരണം ബെഹ്റ നേരിട്ടറിയാൻ ശ്രമച്ചിരുന്നു. എന്താണ് കാരണമെന്ന് അദ്ദേഹം ജനങ്ങളോട് അന്വേഷിച്ചു. സർവേ നടത്തി. 11,191 ആളുകൾ സർവേയിൽ പങ്കെടുത്തു. 63% ആളുകൾ മെട്രോ യാത്രക്കാരല്ല. 37% മെട്രോയിൽ കയറുന്നവർ. ഇതിൽ 50.78% ആളുകൾ 20 മുതൽ 40 വയസ്സുവരെ പ്രായപരിധിയിൽ ഉള്ളവരാണ്. 27.86 ശതമാനം 40മുതൽ 60 വയസ്സുവരെ പ്രായക്കാർ. സർവേയിൽ പങ്കെടുത്ത 79% ആളുകളും 20 മുതൽ 60 വരെ പ്രായക്കാർ. കൊച്ചി മെട്രോ ഓടുന്ന റൂട്ടിലും സമീപ പ്രദേശത്തുള്ളവരുമായിരുന്നു എല്ലാവരും.
ഇതിൽ മെട്രോ റേറ്റ് കൂടുതലാണെന്ന് അഭിപ്രായപ്പെട്ടവർ 77%. മെട്രോയെക്കുറിച്ച് കൂടുതൽ പ്രചാരണം വേണമെന്നും ആളുകൾ പറഞ്ഞു. മെട്രോ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്ന് അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്. വീട്ടിൽ നിന്നിറങ്ങി മെട്രോയിൽ എത്താനും മെട്രോയിൽനിന്നിറങ്ങി വീട്ടിലെത്താനും എന്തുണ്ടു വഴിയെന്ന് അന്വേഷിച്ചവരും ഏറെ. മെട്രോ ഓടിത്തുടങ്ങും മുൻപുതന്നെ ഇതിനുള്ള മാർഗങ്ങൾ മെട്രോ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ, സ്ഥിരതയുള്ള മാർഗങ്ങളൊന്നും ഉണ്ടായിട്ടില്ല.
പാവപ്പെട്ടവർ, വിദ്യാർത്ഥികൾ, സീനിയർ സിറ്റിസൺ, ശാരീരിക, മാനസിക വൈകല്യങ്ങൾ ഉള്ളവർ എന്നിവർക്ക് ഇളവു വേണമെന്നു സർവേയിൽ പൊതുവെ അഭിപ്രായമുണ്ടായി. ദിവസ, ആഴ്ച, മാസ പാസുകൾ വേണമെന്നതു മറ്റൊരു ആവശ്യം. കൊച്ചി വൺ കാർഡ് മെച്ചപ്പെടുത്തണമെന്ന ആവശ്യക്കാരും ഏറെ. 11 മുതൽ 4.30 വരെയുള്ള സമയം പൊതുവെ യാത്രക്കാർ കുറവാണ്. ഈ സമയത്ത് കൂടുതൽ ഡിസ്കൗണ്ട് നൽകി ആളെക്കയറ്റണമെന്നും നിർദ്ദേശം വന്നു.
നാട്ടുകാരോടു മാത്രമല്ല, മെട്രോ ഉദ്യോഗസ്ഥരോടും ഇതൊന്നു നന്നാക്കിയെടുക്കാൻ ബെഹ്റാജി അഭിപ്രായം തേടി. അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്കിൽ ഇളവ്, കോർപറേറ്റ് ഓഫിസുകൾ, ഷോപ്പിങ് മാൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഇളവ് തുടങ്ങിയവ നൽകാമെന്ന് അവർ നിർദേശിച്ചു. സംഘമായി യാത്രചെയ്യുന്നവർക്ക് ഡിസ്കൗണ്ട് ആവാം. സ്ഥിരം യാത്രക്കാർക്ക് ലോയൽറ്റി പോയന്റുകളാണു മറ്റൊരു നിർദ്ദേശം. ഈ പോയിന്റുകൾ ഹെൽത്ത് ഇൻഷുൻസ് സ്കീമുകൾ പോലുള്ളവയിൽ ആഡ് ചെയ്യുമ്പോൾ പ്രീമിയം കുറയും. ഇതേക്കുറിച്ചു വരും ദിവസങ്ങളിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നു ബെഹ്റ പറഞ്ഞു.
'സ്ഥിരം യാത്രക്കാർക്കായി; കൂടുതൽ പദ്ധതികൾ ഒരുക്കാനും ആലോചനയുണ്ട്. മെട്രോ റൂട്ടിൽ ഒട്ടേറെ വൻകിട സ്ഥാപനങ്ങളുണ്ട്. അവരുടെ സ്റ്റാഫിനു വേണ്ടി പ്രത്യേക സ്കീം. കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഇലട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഈ ജീവനക്കാരെ അവരുടെ താമസ സ്ഥലത്ത് എത്തിക്കും. ബസിനും മെട്രോയ്ക്കുമുള്ള ടിക്കറ്റ് കോർപറേറ്റ് അക്കൗണ്ടിൽനിന്ന് എടുക്കാനാണ് ആലോചനയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ