കൊച്ചി: ഇന്ന് നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിനെ കേരളം ഉറ്റ് നോക്കിയത് നടിയെ ആക്രമിച്ച കേസിലെ അമ്മയുടെ നിലപാടിനെ കുറിച്ച് അറിയാനാണ്. നടിക്കെതിരായ അക്രമണവും പുതിയ വെളിപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങൾ അമ്മ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്കൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അവസരം നൽകിയിട്ടും ആരും ഈ വിഷയം ഉന്നയിച്ചില്ലെന്നാണ് പ്രസിഡന്റ് ഇന്നസെന്റ് പറയുന്നത്.

അമ്മ ജനറൽ ബോഡിക്ക് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. അതേസമയം ഇരുവരും അമ്മയുടെ മക്കളാണെന്നും രണ്ടുപേർക്കൊപ്പവും സംഘടനയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

അതേസമയം ഇരയോടും ആരോപണ വിധേയനായ ആളോടും ഒരേ നിലപാട് എങ്ങനെ എടുക്കുമെന്ന് ചോദിച്ചപ്പോൾ താരങ്ങളുടെ ഭാഗത്തു നിന്നും രോഷാകുലമായ പ്രകടനമാണ് ഉണ്ടായത്. മുകേഷ്, ഗണേശ് തുടങ്ങിയ ജന പ്രതിനിധികളാണ് മാധ്യമ പ്രവർത്തകരോട് കൂടുതൽ രോഷാകുലരായത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്ക് മുന്നിലും മോഹൻലാലും മമ്മൂട്ടിയും നിശബ്ദരായാണ് ഇരുന്നത്.