റിയാദ് : രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് അബ്ശിർ പ്ലാറ്റ്ഫോം വഴി സ്വന്തമായി റീ എൻട്രി അടിക്കാമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 14 മുതൽ നിലവിൽ വന്ന തൊഴിൽ പരിഷ്‌കാരങ്ങൾ അനുസരിച്ചാണ് ഇത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്ഫോം വഴി തൊഴിലാളികൾക്ക് റീഎൻട്രി അപേക്ഷ നൽകാൻ സാധിക്കും.

തൊഴിൽ നിയമം ബാധകമായ വിദേശ തൊഴിലാളികൾക്കാണ് ഇതിന് അനുമതിയുള്ളത്. തൊഴിലാളികൾക്ക് കാലാവധിയുള്ള, രജിസ്റ്റർ ചെയ്ത തൊഴിൽ കരാറുമുണ്ടായിരിക്കണം. റീഎൻട്രി കാലം കവർ ചെയ്യുന്ന നിലക്ക് കാലാവധിയുള്ള ഇഖാമയും ഉണ്ടായിരിക്കണം. പാസ്പോർട്ടിൽ 90 ദിവസത്തിൽ കുറയാത്ത കാലാവധിയുമുണ്ടായിരിക്കണം. റീഎൻട്രി വിസാ
അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.