കൊർബോഡ: ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്‌ബോൾ താരം വെടിവച്ചു കൊന്നു. അർജന്റീനയിലെ കൊർബോഡ പ്രവിശ്യയിലാണ് സംഭവം. സീസർ ഫ്‌ളോറസ് എന്ന 48 കാരനായ റഫറിയാണ് കൊല്ലപ്പെട്ടത്. ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയ താരം തന്റെ ബാഗിൽ നിന്നും തോക്കുമായി വന്ന് റഫറിയെ വെടിവയ്ക്കുകയായിരുന്നു. റഫറിയെ കൂടാതെ മറ്റൊരു താരത്തെയും ഇയാൾ വെടിവച്ചു. നെഞ്ചിൽ വെടികൊണ്ടെങ്കിലും താരം രക്ഷപെട്ടു. ഫൗൾ കാണിച്ചതിനാണ് താരത്തെ ഫ്‌ളോറസ് പുറത്താക്കിയത്. തുടർന്ന് കുപിതനായ താരം ബാഗിൽ നിന്നും തോക്ക് എടുത്ത് കളിക്കിടയിലേക്ക് ഓടി വരികയും ആദ്യം റഫറിയെയും പിന്നീട് മറ്റൊരു താരമായ വാൾട്ടർ സരറ്റെയെയും വെടി വയ്ക്കുകയായിരുന്നു. റഫറിക്ക് നേരെ മൂന്ന് പ്രാവശ്യമാണു വെടിയുതിർത്തത്.