തിരുവനന്തപുരം: വേർപെടുത്തിയ വിവാഹബന്ധങ്ങളിലെ കുട്ടികളുടെ പേര് തിരുത്തുന്നതിനുള്ള നടപടികൾ പരിഷ്‌കരിച്ചു. കുട്ടികളുടെ സംരക്ഷണം വഹിക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേര് തിരുത്തിച്ചേർക്കാം. ഇക്കാര്യത്തിൽ സർക്കാർ അനുമതി നൽകിയതായി മന്ത്രി എം കെ മുനീർ അറിയിച്ചു. ഇതിനായി തിരിച്ചറിയൽ രേഖ സഹിതം കുട്ടിക്കൊപ്പം രക്ഷിതാവ് തദ്ദേശഭരണ ഓഫീസിൽ ഹാജരാകണം.

വാർധക്യകാല പെൻഷനുള്ള അപേക്ഷകൾ പരിശോധിച്ച് തീരുമാനിക്കാനും പെൻഷൻ വിതരണം ചെയ്യാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. മറ്റ് ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ നേരത്തെ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. പതിനായിരക്കണക്കിന് അപേക്ഷകളിൽ നിന്ന് അവസാന പട്ടിക തയ്യാറാക്കാൻ കലക്ടറേറ്റുകളിൽ ഉണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് പുതിയ ഉത്തരവ്.

കോഴിക്കോട് പബ്ലിക് ലൈബ്രറിയിൽ ഡിജിറ്റൽ ലൈബ്രറി, ചിൽഡ്രൻസ് ലൈബ്രറി, ട്രെയിനിങ് സെന്റർ എന്നിവ സ്ഥാപിച്ച് പ്രവർത്തനം ആധുനികവൽക്കരിക്കാൻ തീരുമാനിച്ചതായും മന്ത്രി എം കെ മുനീർ അറിയിച്ചു.