മെൽബൺ: ഇമിഗ്രേഷൻ സംവിധാനത്തിൽ ഉടൻ തന്നെ അടിമുടി പരിഷക്കാരം ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ. 457 വിസയില്ലാതെ വിദേശത്തു നിന്ന് സ്‌പെഷ്യലിസ്റ്റ് വർക്കർമാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഇവിടുത്തെ ബിസിനസുകൾക്ക് അവസരമൊരുക്കുന്ന പുതിയ വിസ അനുവദിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ നീക്കത്തിൽ നിന്നും പിന്മാറാനും തീരുമാനമായിട്ടുണ്ട്. പുതിയ ഇമിഗ്രേഷൻ സംവിധാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജൂലൈ മുതൽ വൻ അഴിച്ചുപണി നടത്തുമെന്നു തന്നെയാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലുള്ള സ്‌കിൽഡ് വിസകളിൽ അഴിച്ചു പണി നടത്തണമെന്ന നിർദ്ദേശം എംപിമാരിൽ നിന്നു തന്നെ ഉയർന്നതിനെ തുടർന്നാണ് പുതിയ വിസകൾ അനുവദിക്കാനുള്ള തീരുമാനമായിരിക്കുന്നത്. രാജ്യത്ത് അനുഭവപ്പെടുന്ന സ്‌കിൽ ഷോർട്ടേജിന് പരിഹാരമായിട്ടാണ് ഇമിഗ്രേഷൻ നിയമങ്ങളിൽ അഴിച്ചുപണി നടത്തുന്നത്. ആഗോള ടാലന്റ് മാർക്കറ്റിൽ ഓസ്‌ട്രേലിയയുടെ മത്സരാത്മകത വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇനി നടത്തുക.

വിസാ റിക്വയർമെന്റുകൾ ലളിതവത്ക്കരിക്കുന്നതിനുള്ള നിർദേശങ്ങളാണ് പുതുതായി ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിലൂടെ വിസാ ആപ്ലിക്കേഷൻ പ്രോസസ് മെച്ചപ്പെടുത്താമെന്നും വിസാ പാത്ത് വേകൾ ഓവർലാപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും കരുതുന്നു.
ഇമിഗ്രേഷൻ രംഗത്ത് ഈ വർഷം ജൂലൈയിൽ മൂന്ന് ഘട്ടങ്ങളിലായി പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇമിഗ്രേഷൻ വകുപ്പ് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.ഇത് സംബന്ധിച്ച അവലോകനം 2014 സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിരുന്നു. ഇമിഗ്രേഷൻ പരിഷ്‌കാരങ്ങൾ സംബന്ധിച്ച അവസാന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് ഡട്ടൻ പറയുന്നത്. പുരോഗമനാത്മകമായ ഒരു ഇമിഗ്രേഷൻ സിസ്റ്റമുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇവിടുത്തെ വിദഗ്ധ തൊഴിലാളികളുടെ അഭാവത്തെ പരിഹരിക്കുന്നതിനുള്ള ഇമിഗ്രേഷൻ സിസ്റ്റമാണിത്.

ഓസ്ട്രേലിയൻ എംപ്ലോയർക്കോ പുറത്ത് നിന്നുള്ള എംപ്ലോയർക്കോ 457 വിസയ്ക്ക് കീഴിൽ സ്‌കിൽഡ് വർക്കറെ സ്പോൺസർ ചെയ്യാൻ സാധിക്കും. നാല് വർഷം വരെയുള്ള ഏത് സമയത്തും ഇത്തരത്തിൽ സ്പോൺസറിങ് നിർവഹിക്കാവുന്നതാണ്.ഇത് പ്രകാരം കുടുംബാംഗങ്ങൾക്കും ഇവിടെ ഇക്കാലത്തിനിടെ ജോലി ചെയ്യാനോ പഠിക്കാനോ സാധിക്കുകയും ചെയ്യും.