ഞ്ചാം വയസിൽ അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ ഭീകരരെ പേടിച്ച് പലായനം ചെയ്യുകയും യുകെയിലെത്തുകയും ചെയ്ത റാബിയ നസിമി എന്ന 23 കാരി ഇപ്പോൾ കേബ്രിഡ്ജിലെ ഡോക്ടറൽ സ്റ്റുഡന്റ് ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 18 കൊല്ലം മുമ്പ് മരുഭൂമിയിലൂടെ നടന്നും ലോറിക്കടിയിൽ പമ്മിയിരുന്നും ജീവൻ പണയം വച്ച് തികച്ചും സാഹസികമായിട്ടായിരുന്നു റാബിയ ഡോവറിലൂടെ യുകെയിലെത്തിച്ചേർന്നിരുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മിടുക്കിയായി പഠിച്ചുയരുന്ന റാബിയക്ക് ഇപ്പോൾ എങ്ങ് നിന്നും കൈയടിയാണ് ലഭിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്നാൽ താലിബാൻകാർ തങ്ങളെ കൊന്ന് തള്ളുമെന്ന് ഭയന്നായിരുന്നു റാബിയയും കുടുംബവും 1999ൽ കൈവശമുണ്ടായിരുന്ന വിലപ്പെട്ടതെല്ലാം അവിടെ ഉപേക്ഷിച്ച് യുകെയിലേക്ക് പലായനം ചെയ്തിരുന്നത്. ഒരു റെഫ്രിജറേറ്റഡ് ലോറിയിൽ കയറിയായിരുന്നു കുടുംബം യുകേയിലേക്ക് യാത്ര തിരിച്ചിരുന്നത്. അഞ്ചംഗങ്ങളുള്ള റാബിയയുടെ കുടുംബം അവസാനം ലണ്ടനിലെത്തിച്ചേരുകയും അവർക്ക് അസൈലം അനുവദിക്കപ്പെടുകയുമായിരുന്നു. അന്ന് നസിമിക്ക് ഒരൊറ്റ ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ സാധിച്ചിരുന്നില്ല.

നിലവിൽ കേംബ്രിഡ്ജിൽ സോഷ്യോളജി ഡിപ്പാർട്ട്‌മെന്റിൽ നസിമി പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.യുകെയിലെത്തിയതോടെ നസിമിയുടെ പിതാവായ ഡോ. നൂറൽഹാഖ് നസിമി ദി അഫ്ഗാനിസ്ഥാൻ ആൻഡ് സെൻട്രൽ ഏഷ്യൻ അസോസിയേഷൻ എന്ന പേരിൽ ഒരു ചാരിറ്റി സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും തന്നെ പിന്തുടർന്ന് യുകെയിലെത്തുന്ന കുടിയേറ്റക്കാർക്ക് വിദ്യാഭ്യാസവും പിന്തുണയും നൽകുന്നതിന് വേണ്ടിയായിരുന്നു ഇത്. ഉക്രയിനിൽ 10 വർഷം ജോലി ചെയ്ത് 1999ലായിരുന്നു ഡോ. നൂറൽഹഖ് ഭാര്യ മഹ്‌ബോബയ്‌ക്കൊപ്പം അഫ്ഗാനിൽ തിരിച്ചെത്തിയിരുന്നത്.

ഇംഗ്ലണ്ടിലേക്കുള്ള തങ്ങളുടെ യാത്ര അത്യന്തം നരകസമാനവും ആപത്ത് നിറഞ്ഞതുമായിരുന്നുവെന്ന് റാബിയ നസിമി ഇപ്പോഴും ഓർക്കുന്നു. തന്റെ സഹോദരന് അന്ന് വെറും ആറ് മാസം മാത്രമായിരുന്നു പ്രായമെന്നും യുവതി വെളിപ്പെടുത്തുന്നു. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടിയുമായി ഇത്തരത്തിൽ പലായനം ചെയ്യുന്നവർ അന്ന് കുറവായിരുന്നു.വെറും രണ്ടോ മൂന്നോ പേർക്ക് മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള മെയ്ക്ക്ഷിഫ്റ്റ് ബോട്ടിൽ 40 പേരെ വരെ കുത്തിനിറച്ചായിരുന്നു സമുദ്രത്തിലൂടെ സഞ്ചരിച്ചിരുന്നത്. ഏത് സമയവും മുങ്ങാവുന്ന വിധത്തിലായിരുന്നു ബോട്ട് സഞ്ചരിച്ചിരുന്നതെന്നും റാബിയ നസിമി ഞെട്ടലോടെ ഓർക്കുന്നു.

ലണ്ടനിലെത്തിയ തങ്ങളുടെയെല്ലാം ഫോട്ടോകൾ എടുത്തിരുന്നുവെന്നും പൊലീസ് ഓഫീസർമാർ സ്വീകരിച്ച് മധുരം നൽകിയിരുന്നുവെന്നും യുവതി ഓർത്തെടുക്കുന്നു. വിവിധ രാജ്യക്കാർ തങ്ങൾക്കൊപ്പം ബോട്ടിലുണ്ടായിരുന്നു. വിവിധ സംസ്‌കാരങ്ങളിലുള്ളവരെ ഉൾക്കൊള്ളാൻ സാധിക്കുന്നതുും തങ്ങൾക്ക് ഏറെ അവസരം പ്രദാനം ചെയ്യുന്നതുമായ യുകെയെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും അതിപ്പോൾ സഫലമായിരിക്കുന്നുവെന്നും റാബിയ നസിമി തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുന്നു. പിതാവിന്റെചാരിറ്റിയിൽ വച്ച് നടത്തപ്പെട്ട ഇംഗ്ലീഷ് ക്ലാസുകൾ ഈ പെൺകുട്ടിയുടെ വളർച്ചക്ക് ഏറെ സഹായിച്ചിരുന്നു. എ ലെവലിൽ സോഷ്യോളജിയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനെ തുടർന്നായിരുന്നു ഗോൾഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിൽ ഈ വിഷയം പഠിച്ചത്.തുടർന്ന് ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നും മാസ്‌റ്റേർസ് ഡിഗ്രിയും നേടി.