ബെർലിൻ: ജർമനിയിലേക്ക് കുടിയേറിയ അഭയാർഥി കുട്ടികളിൽ ആറായിരത്തോളം പേരെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇവിടെയെത്തിയ കുട്ടികളിൽ ഇത്രയും പേർ ഇപ്പോൾ എവിടെയാണെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് ഇന്റീരിയർ മിനിസ്ട്രി പാർലമെന്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ജനുവരി ഒന്നിന് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ജർമനിയിലെത്തിയ അഭയാർഥി കുട്ടികളിൽ അയ്യായിരത്തോളം പേരെ കാണാതായതെന്നാണ് വ്യക്തമായിരുന്നത്. എന്നാൽ ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ആറായിരം കുട്ടികളെയാണ് കാണാതായിരിക്കുന്നത് എന്നാണ്. അതേസമയം കുട്ടികളെ കാണാനില്ലെന്ന് പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് വരുന്നതിനാൽ ഇക്കാര്യത്തിൽ ഇരട്ടിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫീസ് വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം 8,006 കുട്ടികളെ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇതിൽ 2,171 കുട്ടികളെ പിന്നീട് കണ്ടെത്തുകയും അവരെ തങ്ങളുടെ കുടുംബത്തോട് ചേർക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുടിയേറ്റ സംഘങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കാണാതെ പോകുന്ന കുട്ടികൾ അഫ്ഗാനിസ്ഥാൻ, സിറിയ, എറിത്രിയ, മൊറോക്കോ, അൽജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ എങ്ങനെ കുട്ടികൾ കാണാതാകുന്നു എന്നതു സംബന്ധിച്ച് ഇന്റീരിയർ മിനിസ്ട്രിക്ക് വ്യക്തമായ ഉത്തരം നൽകാനാവുന്നില്ല.

കാണാതായ കുട്ടികളിൽ 555 പേർ 14 വയസിൽ താഴെയുള്ളവരാണെന്നാണ് കണക്ക്. മോശമായ കാലാവസ്ഥയിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്തുകയെന്ന് വിഷമകരമായ ജോലിയാണെന്നും ഇത്തരത്തിൽ കുട്ടികളെ കാണാതെ പോകുമ്പോൾ അവർ പിന്നീട് മനുഷ്യക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഒറ്റപ്പെട്ടു പോകുന്ന കുട്ടികൾ ചൂഷണങ്ങൾ വിധേയരാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

കഴിഞ്ഞ വർഷം യൂറോപ്പിൽ ആകമാനം10,000 ത്തോളം അഭയാർഥി കുട്ടികൾ കാണാതായിട്ടുണ്ടെന്ന് യൂറോപോൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കാണാതായ കുട്ടികളെല്ലാം തന്നെ അപകടത്തിലാണെന്ന് ഇതിനർഥമില്ലെന്നും ഒരുഭാഗം കുട്ടികൾ അവരുടെ ബന്ധുക്കളുടെ കൂടെ കഴിയുന്നുണ്ടെന്നും യൂറോപോൾ വ്യക്തമാക്കുന്നുണ്ട്.