ബെർലിൻ: പ്രതീക്ഷിച്ചതിലും ഇരട്ടിയായി അഭയാർഥികളുടെ എണ്ണം ജർമനിയിൽ വർധിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണെന്ന് ഇന്റീരിയർ മിനിസ്റ്റർ തോമസ് ഡേ മെയ്‌സിയർ. ഈ വർഷം അവസാനത്തോടെ ജർമനിയിലേക്കുള്ള അഭയാർഥികളുടെ എണ്ണം എട്ടു ലക്ഷത്തോളമാകുമെന്നാണ്  കണക്കാക്കുന്നത്. അഭയാർഥികളായി രാജ്യത്തെക്ക് വരാനുള്ളവരുടെ അപേക്ഷ അടിക്കടി വർധിച്ചുവരികയാണെന്നും ഇതു നേരിടാൻ തികച്ചും വ്യത്യസ്തവും പ്രായോഗികവുമായ നടപടികൾ കൈക്കൊള്ളേണ്ടതായുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.

അതേസമയം ഈ വർഷം ജർമനിയിൽ എത്തുന്ന അഭയാർഥികളുടെ എണ്ണം നാലര ലക്ഷത്തോളമായിരിക്കുമെന്ന് മുമ്പ് ഇമിഗ്രേഷൻ മിനിസ്റ്റർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം അപേക്ഷിച്ചതിനെക്കാൾ ഇരട്ടിയാളുകൾ ഈ വർഷം ജർമനിയിലേക്ക് അഭയാർഥികളായി എത്തുന്നതിനുള്ള അപേക്ഷകളാണ് നൽകിയിരിക്കുന്നത്. ജനുവരിക്കും ജൂലൈയ്ക്കും മധ്യേയുള്ള കാലയളവിൽ 218,000 ആളുകളാണ് അഭയാർഥിയായി എത്തുന്നതിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. മുൻ വർഷം ഇതേകാലയളവിലേതിനേക്കാൾ 124.8 ശതമാനം കൂടുതലാണിത്.

കഴിഞ്ഞ വർഷം മൊത്തത്തിൽ ജർമനിയിലേക്ക് ആദ്യമായി അഭയാർഥികളായി രണ്ടു ലക്ഷത്തോളം പേരാണ് എത്തിയത്. 1992-ൽ 440,000 പേർ അഭയാർഥികളായി ഇവിടെയെത്തിയെന്ന റെക്കോർഡ് തകർക്കുന്നതായിരിക്കും ഈ വർഷത്തെ കണക്ക്. വർഷത്തിന്റെ ആദ്യ പകുതിയേക്കാൾ ഇരട്ടി അഭയാർഥികൾ രണ്ടാം പകുതിയിൽ എത്തിച്ചേരുമെന്നാണ് അധികൃതരും കണക്കാക്കുന്നത്.

അഭയാർഥികളുടെ അനിയന്ത്രിതമായ ഈ ഒഴുക്ക് രാജ്യത്ത് ഏറെ പ്രതിസന്ധികൾക്കും വഴി വച്ചിട്ടുണ്ട്. അഭയാർഥികൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളും ഇവരെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും മറ്റും സർക്കാർ തലത്തിൽ ഏറെ ചർച്ചകൾക്കു കാരണമായിട്ടുണ്ട്.