സ്റ്റോക്ക്‌ഹോം: മുമ്പ് പ്രഖ്യാപിച്ചതിൽ നിന്നു വിരുദ്ധമായി അഭയാർഥികളുടെ കാര്യത്തിൽ സ്വീഡൻ നയം മാറ്റുന്നു. പെർമനന്റ്  റെസിഡൻസിക്കു പകരം ടെമ്പററി പെർമിറ്റുകളും ഫാമിലി റീയൂണിഫിക്കേഷൻ ലിമിറ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അഭയാർഥികൾക്ക് നടപ്പാക്കുന്നതോടെ അഭയാർഥികളായി രാജ്യത്ത് എത്തിയിട്ടുള്ളവർ അവരുടെ അപേക്ഷാഫോമുകൾ പിൻവലിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അഭയാർഥികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വൻ ചെലവിൽ സ്വീഡനിൽ എത്തുന്ന അഭയാർഥികൾ തിരിച്ച് സ്വദേശത്തേക്ക് പോകുന്നതിനാണ് താത്പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അഭയാർഥി ക്ലെയിം നൽകിയിട്ടുള്ളവരിൽ ശരാശരി ഒരു മാസം 300 പേരാണ് തങ്ങളുടെ അപേക്ഷാഫോറം പിൻവലിച്ചിരുന്നുവെങ്കിൽ നവംബർ മാസത്തിൽ തന്നെ 627 പേർ തങ്ങളുടെ അപേക്ഷാ ഫോറം പിൻവലിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സിറിയൻ അഭയാർഥികൾക്ക് അഭയം നൽകുമെന്നും പോർമനന്റ് റെസിഡൻസി നൽകുമെന്നുമുള്ള സ്വീഡന്റെ വാഗ്ദാനം ഇപ്പോൾ കാറ്റിൽ പറത്തിയെന്നും പകരം അതിർത്തി പരിശോധനകൾ കർശനമാക്കുകയും പെർമനന്റ് റെസിഡൻസിക്കു പകരം ടെമ്പററി പെർമിറ്റ് നൽകുന്നതും മറ്റുമുള്ള നയം മാറ്റമാണ് അഭയാർഥികളെ സ്വീഡനിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത്. ഡിസംബറിലെ ആദ്യ പത്തു ദിവസം തന്നെ 239 പേർ തങ്ങളുടെ അസൈലം അപേക്ഷ പിൻവലിച്ചുവെന്നാണ് വെളിവാകുന്നത്.

സ്വീഡനിലേക്ക് കുടുംബമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്ത് എത്തിയ പുരുഷന്മാർ ഇപ്പോൾ ഏറെ നിരാശരാണ്. തങ്ങളുടെ കുടുംബത്തെ പിന്നീട് ഇവിടെ കൊണ്ടുവരാമെന്നു കരുതിയവർക്ക് സർക്കാരിന്റെ പുതിയ നയമാണ് തിരിച്ചടിയായിരിക്കുന്നത്. 2016-ൽ കടുപ്പമാക്കുമെന്നു പറയപ്പെടുന്ന റീയൂണിഫിക്കേഷൻ നയം മൂലം തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയും ഇപ്പോൾ അഭയാർഥികൾക്കില്ല. അഭയാർഥികളായി എത്തുന്നവരുടെ രേഖകളും മറ്റും കർശനമായി പരിശോധിക്കുന്നതും അതുവഴി അഭയാർഥി പ്രവാഹത്തിന് നിയന്ത്രണം ഏർപ്പെടുത്താനുമാണ് സ്വീഡൻ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അടുത്തിടെ ഇവിടെയെത്തുന്ന അഭയാർഥികളുടെ എണ്ണത്തിൽ ഏറെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.