ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ സംസ്ഥാന ഗവർണർ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി. പദവിയോടു ഗവർണർ അൽപ്പമെങ്കിലും മര്യാദ കാണിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരു നീക്കവും ഗവർണർ നടത്തിയിട്ടില്ല.

കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്റെ പരാമർശം.

ശോഭ സുരേന്ദ്രന്റെ പ്രസംഗത്തിൽനിന്ന്-

പിണറായി വിജയനെ കാണുമ്പോൾ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവർണറുടെ ഭാവമെങ്കിൽ ദയവു ചെയ്ത് ആ കസേരയിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ഞങ്ങൾ അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കിൽ, ആ ഗവർണറെന്ന പദവിയോട് അൽപ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കിൽ അങ്ങ് ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്തു തീർക്കണമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡൽഹയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവർണറോട് അറിയിക്കുകയാണ്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് കഴിഞ്ഞ ദിവസം ഫെയ്ബുക്കിലൂടെ ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധവും. കണ്ണൂരിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവർണർ ചെറുവിരൽപ്പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം, അക്രമം തുടരുകയാണെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഡൽഹി യുവമോർച്ച നേതാവ് സുനിൽ യാദവ് വ്യക്തമാക്കി.