കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലം വ്യാജ പരാതി നൽകി തട്ടിയെടുക്കാൻ ശ്രമം. കോഴിക്കോട് മലാപറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സമീപത്തെ സ്ഥലം ഉടമ പരാതി നൽകിയിയിരിക്കുന്നത്. മലാപറമ്പ് വയനാട് റോഡിലുള്ള റിഗേറ്റ് ഗ്രൂപ്പ് നിർമ്മിക്കുന്ന കെട്ടിടം സമീപത്തുള്ള തന്റെ വീടിനും കെട്ടിടങ്ങൾക്കും ഭീഷണിയാണെന്ന് കാണിച്ചാണ് സമീപത്തെ സ്ഥലം ഉടമ സദാശിവൻ എന്നയാൾ കോർപറേഷനിലും കോടതിയിലും പരാതി നൽകിയിരിക്കുന്നത്.

കോർപറേഷനിൽ നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വോഷണത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിന് സ്റ്റോപ്മെമോ നൽകിയിരുന്നെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും പരാതിക്കാരന്റെ സമീപത്തുള്ള കെട്ടിടത്തിന് റിഗേറ്റ് ഗ്രൂപ്പ് നിർമ്മിക്കുന്ന കെട്ടിടം കൊണ്ട് ഭീഷണിയൊന്നും ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമോ പിൻവലിച്ചിരുന്നു. കോടതിയിൽ നൽകിയ പരാതി നിലവിൽ റിഗേറ്റ് ഗ്രൂപ്പിന്റെ കൈവശമുള്ള സ്ഥലത്തിന്റെ പഴയ ഉടമയുടെ പേരിലുമാണ്. ഇയാളും പരാതിക്കാരനും നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരിലാണ് കോടതിയിൽ പരാതി നൽകിയിട്ടുള്ളത്.

എന്നാൽ ഇതിനിടയിലാണ് കെട്ടിടം നിർമ്മിക്കാൻ വന്നവരെ കൂടി പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിൽ പരാതിക്കാരൻ വ്യജവാർത്തകളും പരാതികളും നൽകിയത്. മാത്രവുമല്ല പരാതിക്കാരനായ സദാശിവന്റെ രണ്ട് പ്ലോട്ടുകൾക്കിടയിലൂടെയുള്ള റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലത്തേക്കുള്ള ഇടവഴി പരാതിക്കാരന് ലഭിക്കുകയാണെങ്കിൽ രണ്ട് പ്ലോട്ടുകളും ഒരമിച്ച് വലിയ വിലയ്ക്ക് വിൽക്കാനാകുമെന്ന കണക്കൂകൂട്ടലും പരാതിക്കാരനുണ്ട്. ഈ വഴിയാണ് പരാതിക്കാരന്റെ രണ്ട് പ്ലോട്ടുകളെ തമ്മിൽ വേർതിരിക്കുന്നത്. ഈ ഇടവഴി പരാതിക്കാരനായ ശിവദാസൻ ഇപ്പോൾ കെട്ടിയടച്ചിരിക്കുകയാണ്.

പരാതികളും സമ്മർദ്ദങ്ങളും വാർത്തകളും നിരന്തരം കമ്പനിക്കെതിരെ വന്നാൽ പ്രശ്നപരിഹാരത്തിനായി കമ്പനി സമീപിക്കുമ്പോൾ ചർച്ചയിലൂടെ ഈ വഴി സ്വന്തമാക്കാം എന്നാണ് പരാതിക്കാരന്റെ നിലപാട്. നിലവിൽ റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലത്തേക്ക് നീട്ടിയാണ് പരാതിക്കാരന്റെ കെട്ടിടത്തിന്റെ മേൽക്കൂരയും ബാൽക്കണിയടക്കമുള്ള ഭാഗങ്ങളുമുള്ളത്. ഇതിനെതിരെ ഇപ്പോൾ റിഗേറ്റ് ഗ്രൂപ്പ് പരാതി നൽകിയിരിക്കുകയാണ്. ഈ കയ്യേറ്റങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിൽ റിഗേറ്റ് ഗ്രൂപ്പ് പരാതി നൽകാതിരിക്കാൻ വേണ്ടിയായിരുന്നു ആദ്യം കോർപറേഷനിൽ ശിവദാസൻ പരാതി നൽകിയിരുന്നത്. എന്നാൽ കോർപ്പറേഷനിൽ നൽകിയ പരാതി വ്യാജമാണെന്നും സദാശിവന്റെ കെട്ടിടത്തിന് കേടുപാടുകളുണ്ടായത് കെട്ടിടത്തിന്റെ കാലപ്പഴക്കവും, അശാസ്ത്രീയമായ നിർമ്മാണവും മൂലമാണെന്ന് കോർപ്പറേഷന് ബോധ്യപ്പെട്ടതിനാൽ കോർപറേഷൻ നിർമ്മാണം തുടരാൻ അനുമതി നൽകുകയായിരുന്നു.

കോർപ്പറേഷൻ നേരത്തെ നൽകിയ സ്റ്റോപ്പ് മെമോ കൂടുതൽ പരിശോധനകൾക്ക് ശേഷം പിൻവലിക്കുക കൂടി ചെയ്തതോടെ നിലവിൽ കെട്ടിട നിർമ്മാണം തുടരാൻ കമ്പനിക്ക് യാതൊരു വിധ തടസ്സങ്ങളുമില്ലാതിരിക്കെയാണ് കോടതിയെയും മാധ്യമങ്ങളെയും കബളിപ്പിച്ച് പരാതിക്കാരൻ വ്യാജ വാർത്തകളും പരാതികളും നൽകിയിരിക്കുന്നതെന്ന് റിഗേറ്റ് ഗ്രൂപ്പ് എംഡി പോൾ തോമസ് മറുനാടനോട് പറഞ്ഞു. സ്ഥലത്തിന്റെ മുൻ ഉടമയുമായുണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരിൽ ഇപ്പോൾ പരാതിക്കാരൻ മനപ്പൂർവ്വം എല്ലാ നിയമങ്ങളും പാലിച്ചുള്ള കെട്ടട നിർമ്മാണം തടയാനാണ് ശ്രമിക്കുന്നത്.