ചെന്നൈ: 'അർഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീർഘകാലം നിങ്ങൾ കാത്തിരിക്കേണ്ടി വന്നതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു...! 24 വർഷത്തിനു ശേഷം അന്യായക്കാരിക്ക് അനുകൂലമായുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായ വളരെ അസാധാരണമായ പ്രതികരണമാണ് ഇത്. മകൻ നഷ്ടമായ സ്ത്രീക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശം.

മകൻ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കേണ്ട പരാതിയുടെ വാദവുമായി ബന്ധപ്പെട്ടാണ് ബക്കിം എന്ന സ്ത്രീ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖല ഇൻഷുറൻസ് കമ്പനിയിൽ നിന്നും 3.4 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ ഇവർക്ക് ലഭിക്കാനുള്ളത്. എന്നാൽ നിയമപരമായ നൂലാമാലകളാൽ കേസിലെ ഇരു കക്ഷികളുടേയും വാദം 24 വർഷത്തോളം നീണ്ടു.
ബക്കിമിന്റെ ലോറി ഡ്രൈവറായ മകൻ ലോകേശ്വർ 1993 മെയ് മാസമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ലോകേശ്വർ സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. മകന്റെ മരണത്തിനാണ് ബക്കിം ലോറി ഉടമയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് പ്രകാരമാണ് ബക്കീം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാൽ വാഹനാപടകങ്ങൾക്ക് ബാധകമാവുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള ക്ലെയിം ആണെന്ന് ചൂണ്ടിക്കാട്ടി ബക്കീമിന്റെ അപേക്ഷ കമ്പനി തള്ളി.

പിന്നീട് പരാതിയിൽ അപ്പീൽ നൽകുന്നതിന് പകരം ബക്കീം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിൽ പുതിയ അപേക്ഷ നൽകി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ബക്കിമിന്റെ ആവശ്യം. എന്നാൽ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ വാഹനം രജിസ്റ്റർ ചെയ്ത ലോറി ഉടമ ബക്കീമിന്റെ വാദത്തെ എതിർത്ത് രംഗത്തെത്തി. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് പ്രകാരം നൽകിയ പരാതി റദ്ദാക്കാതെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് നിയമസാധുതയില്ലെന്ന് വാദിച്ചാണ് അപേക്ഷയെ കോടതിയിൽ ലോറി ഉടമ എതിർത്തത്.

എന്നാൽ കേസ് പരിഗണിക്കുന്നതിനിടെ ലോറി ഉടമയുടെ വാദത്തെ ട്രിബ്യൂണൽ തള്ളി, 3.47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന്റെ പകുതി സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനും പകുതി ഇൻഷുറൻസ് കമ്പനിയും നൽകണമെന്നായിരുന്നു ട്രിബ്യൂണൽ ഉത്തരവ്. എന്നാൽ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച് നാഷണൽ ഇൻഷുറൻസ് കമ്പനി മദ്രാസ് ഹൈക്കോടതിയെ അപ്പീലുമായി സമീപിച്ചു.

എന്നാൽ കമ്പനിയുടെ അപ്പീൽ കോടതി തള്ളി. ബക്കീം നൽകിയ പരാതിയിൽ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കഴിഞ്ഞ 24 വർഷമായി മകൻ നഷ്ടപ്പെട്ട അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നത് ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് പ്രകാരം ബക്കീം നൽകിയ അപേക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കുള്ളിൽ ആവശ്യമായ നഷ്ടപരിഹാരം അധികൃതർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ ശേഷസായിയായിരുന്നു അപ്പീൽ പരിഗണിച്ചത്.