നെഹ്‌റു കുടുംബത്തിൽനിന്നല്ലാതെ കോൺഗ്രസ്സിനൊരു നേതാവുണ്ടാകില്ലേ? ഇല്ലെന്ന സൂചനകളാണ് രഹൻ വധേരയെന്ന 14-കാരന്റെ അമേതി സന്ദർശനം നൽകുന്നത്. സോണിയ ഗാന്ധിയുടെ പേരക്കുട്ടിയും പ്രിയങ്ക ഗാന്ധിയുടെ മകനുമായ രഹൻ അമേഠിയിലെ ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയതും ഗ്രാമവാസികളുടെ ഭക്ഷണം കഴിച്ചതും പ്രാധാന്യത്തോടെയാണ് ദേശീയ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

രാഹുൽ ഗാന്ധിക്കുശേഷം കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കുക രഹനായിരിക്കുമെന്ന മട്ടിലാണ് ചർച്ചകൾക്ക് ചൂടുപിടിക്കുന്നത്. പൊതുരംഗത്തേയ്ക്കുള്ള രഹന്റെ മാമോദീസയായിരുന്നു അമേതി സന്ദർശനമെന്ന് ഭൂരിപക്ഷംപേരും വിലയിരുത്തുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ചൊവ്വാഴ്ച രഹൻ അമ്മാവന്റെ മണ്ഡലമായ അമേതിയിലെത്തിയത്.

ഗ്രാമവാസികൾ നൽകിയ ഭക്ഷണം ആസ്വദിച്ചും അവരുമായി വിശേഷങ്ങൾ പങ്കിട്ടും രഹൻ അവിടെ അന്നുതാമസിക്കുകയും ചെയ്തു. രാജീവ് ഗാന്ധി മഹിള വികാസ് പ്രോജക്ടിലെ നിലേഷ് ജയിനും കെ.എസ്.യാദവും രഹനോടൊപ്പമുണ്ടായിരുന്നു. ഗൗരീഗഞ്ജിലെ രാംകൃപാൽ പാണ്ഡെയുടെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്.

ചോറും പരിപ്പുകറിയും ചപ്പാത്തിയും സബ്ജിയും കഴിച്ച രഹൻ ഗ്രാമത്തിലൂടെ കറങ്ങി അവിടെയുള്ളവരുമായി സംസാരിച്ചു. സാധാരണ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്ന് യാതൊരു ആർഭാടവുമില്ലാതെ രഹൻ അവരിലൊരാളായി. രാത്രി തുറസ്സായ സ്ഥലത്തുകൊതുകുവല കെട്ടി കിടന്നുറങ്ങി. പിന്നീട് മുൻഷിഗഞ്ജിലെത്തിയ സംഘം സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറി.

കോൺഗ്രസ്സോ ജില്ലാ ഭരണകൂടമോ രഹന്റെ അമേഠി സന്ദർശനത്തെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, നെഹ്‌റു കുടുംബത്തിന് അമേഠി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ഈ സന്ദർശനമെന്ന് ഗ്രാമവാസികൾ പറഞ്ഞു. സാധാരണക്കാർക്കൊപ്പം യാതൊരു മടിയുമില്ലാതെ ചെലവിട്ട രഹൻ അമേഠി നിവാസികളുടെ ഹൃദയത്തിലാണ് ഇടം പിടിച്ചതെന്ന് ഈ വാക്കുകളിൽ വ്യക്തം.