- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 വർഷം പാതി ചുമരുള്ള കുടുസുമുറിയിൽ സജിതയെ ഒളിച്ചുതാമസിപ്പിച്ചെന്നോ? ശുദ്ധനുണ! സജിത പുറത്തിറങ്ങാൻ ഉപയോഗിച്ച ജനലിന്റെ അഴികൾ മുറിച്ചത് മൂന്നുമാസങ്ങൾക്ക് മുമ്പ്; റഹ്മാന്റെ വാദങ്ങൾ തള്ളി മാതാപിതാക്കൾ
പാലക്കാട്: നെന്മാറയിലെ സജിത-റഹ്മാൻ ദമ്പതികളുടെ പത്തുവർഷത്തെ ഒളിവാസമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും മുഖ്യചർച്ച. 10 വർഷം ഒരുകുടുസുമുറിയിൽ ഇരുവരും വിശേഷിച്ച് സജിത എങ്ങനെ കഴിഞ്ഞുവെന്നാണ് പലരുടെയും ചോദ്യം. മിസിങ് ലിങ്കുകൾ ഉണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. റഹ്മാന്റെ മാതാപിതാക്കൾ മീഡിയ വൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സജിതയെ പത്തുവർഷമായി ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നുവെന്ന റഹ്മാന്റെ വാദങ്ങൾ മാതാപിതാക്കൾ പൂർണമായി തള്ളി. പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിക്കുന്നതെന്നും മുറിക്കുള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും തങ്ങൾ അറിയുമായിരുന്നുവെന്നും റഹ്മാന്റെ പിതാവ് കരീമും മാതാവ് ആത്തികയും പറഞ്ഞു. സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചുവെന്ന് പറയുന്ന ജനലിന്റെ അഴികൾ മുറിച്ച് മാറ്റിയത് വെറും മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നുവെന്നും കരീമും ആത്തികയും പറഞ്ഞു.
മൂന്ന് വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ച് പണിതിരുന്നു. അന്നേ ദിവസം കുട്ടികൾ ഉൾപ്പെടെ എല്ലാവരും റഹ്മാന്റെ മുറിയിൽ കയറിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. മുറിയിൽ കട്ടിൽ പോലും ഉണ്ടായിരുന്നില്ല. ആകെ ഒരു ചെറിയ ടീപോയ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചെറിയ ടീപ്പോയ്ക്കുള്ളിൽ സജിത ഒളിച്ചിരുന്നു എന്ന പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് റഹ്മാന്റെ വീട്ടുകാർ പറയുന്നത്. സജിതയെ മറ്റൊരിടത്ത് റഹ്മാൻ വർഷങ്ങളോളം താമസിപ്പിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. പത്ത് വർഷക്കാലം മറ്റൊരാൾ ശ്വാസം വിടുന്ന ശബ്ദം പോലും കേട്ടിരുന്നില്ല. റഹ്മാന് ഇത്തരത്തിൽ ഒരു പ്രണയമുണ്ടായിരുന്നുവെങ്കിൽ തങ്ങൾ സമ്മതം നൽകുമായിരുന്നുവെന്നും എന്തിനാണ് റഹ്മാൻ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തങ്ങൾക്കറിയില്ലെന്നും വീട്ടുകാർ വ്യക്തമാക്കി.
തങ്ങൾ പ്രണയത്തിലാണെന്നും 10 വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.
റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാൻ. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, 10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.
പൊലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി. പൊലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എംപി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായി എത്തുകയും ചെയ്തിരുന്നു.
വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവിൽ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും കാണാതായ റഹ്മാനെ സഹോദരൻ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. ഒറ്റമുറിക്കുള്ളിൽ ആ വീട്ടിലെ മറ്റുള്ളവർ പോലും അറിയാതെ ഒരു യുവതി പത്തുവർഷത്തോളം ജീവിച്ചു എന്നത് അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. റഹ്മാന്റെ വീട്ടുകാരെ ഭയന്നാണ് ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. പ്രണയകഥ പുറത്തുവന്നതോടെ റഹ്മാൻ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ