കൊച്ചി: മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ അറസ്റ്റിൽ. എറണാകുളം ബിഎസ്എൻഎൽ ഓഫീസിലെത്തിയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഫേസ്‌ബുക്കിലൂടെ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് യുവതിയെ അറസ്റ്റു ചെയ്തത്. നേരത്തെ രഹ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. ഇതോടെയാണ് പത്തനംതിട്ട പൊലീസ് രഹ്നയെ അറസ്റ്റു ചെയ്തത്.

പത്തനംതിട്ട ടൗൺ സിഐ ജി സുനിൽകുമാർ, എസ്‌ഐ യു ബിജു എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അറസ്റ്റ്. പാലാരിവട്ടം ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിലെ കൗണ്ടറിൽ ജോലി ചെയ്യവേയാണ് പൊലീസ് സംഘ എത്തിയതും കസ്റ്റഡിയിൽ എടുത്തതും. ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നൽകിയ ഹർജി ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. ഇതിനിടെയാണ് രഹ്നക്കെതിരായ പൊലീസ് നടപടി.

സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് എടുത്തിരുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവർത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

അതേസമയം ഹൈക്കോടതി മുൻകൂർ ജാമ്യംതള്ളിയ രഹ്ന ഫാത്തിമയെ അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന കേസിൽ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ ഇന്നലെ നടന്ന പരിപാടിയിൽ രഹ്ന പങ്കെടുത്തപ്പോൾ അവിടെ പൊലീസ് സാന്നിധ്യവും ഉണ്ടായിരുന്നു.

കൊച്ചിയിൽ അറസ്റ്റു ചെയ്ത രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ശബരിമലയിൽ കയറാൻ ശ്രമിച്ചതിനെ തുടരർന്ന് രൂക്ഷ വിമർശനങ്ങളും ഇവരുടെ വീടിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. വീട് ആക്രമിച്ച കേസിൽ നേരത്തെ ബിജെപി നേതാവും അറസ്റ്റിലായിരുന്നു. അതിനിടെ ഇരുമുടി കെട്ടിൽ ഉണ്ടായിരുന്ന വസ്തുക്കളെ പറ്റി തെറ്റായ വാർത്തകൾ നൽകിയ ജനം ടിവിക്കെതിരെ കേസ് കൊടുക്കുമെന്നും രഹ്ന പറയുകയുണ്ടായി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളിൽ ലിംഗ വിവേചനം പാടില്ലെന്ന നിലപാടിൽ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആർത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കറുപ്പുടുത്ത്, ഒരു ഫോട്ടോയും രഹ്ന ഫാത്തിന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്.  ഈ ചിത്രമാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് ആധാരമാക്കിയത്. ഇപ്പോഴത്തെ നിലയിൽ കേസും കൂട്ടവുമായാൽ ഇവരുടെ ബിഎസ്എൻഎല്ലിനെ ജോലിയും നഷ്ടമാകാൻ സാധ്യത കൂടുതലാണ്.