ഡബ്ലിൻ: ആദ്യത്തെ ഒരു വർഷം മാതാപിതാക്കൾക്ക് കുഞ്ഞിന്റെ കൂടെ കഴിയാൻ സംവിധാനമൊരുക്കിക്കൊണ്ട് മിനിസ്റ്റർ ഫോർ ചിൽഡ്രൻ ജയിംസ് റീലി പുതിയ പദ്ധതി തയാറാക്കുന്നു. പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പെയ്ഡ് പേരന്റൽ ലീവിൽ ഒരു വർഷമാണ് മാതാപിതാക്കൾക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കുന്നത്. മാതാപിതാക്കൾക്ക് ഇരുവർക്കുമായാണ് ഒരു വർഷത്തെ അവധി അനുവദിക്കുന്നത്. ഒരു വർഷത്തെ അവധി എങ്ങനെ ഭാഗിച്ചെടുക്കണമെന്നുള്ളത് മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ്.

അയർലണ്ടിലെ ചൈൽഡ് കെയർ സംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയനിൽ സ്ഥിരമായി പരാതികൾ ഉയരാൻ തുടങ്ങിയതിന്റെ സാഹചര്യത്തിലാണ് രാജ്യത്ത് പുതിയ പെയ്ഡ് പേരന്റൽ ലീവ് സമ്പ്രദായം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇവിടെ ചൈൽഡ് കെയർ ചെലവേറിയ കാര്യമാണെന്നും അതുകൊണ്ടു തന്നെ ചൈൽഡ് കെയറിൽ അയർലണ്ടിൽ വേണ്ടത്ര ശ്രദ്ധപതിപ്പിക്കുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ജോലിയുള്ള മാതാപിതാക്കൾക്ക് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടത്ര സമയം ചെലവഴിക്കാൻ സാധിക്കാറില്ലെന്നും ചൈൽഡ് കെയർ ചെലവേറിയതിനാൽ ജോലി കണ്ടെത്താൻ മാതാപിതാക്കൾ ബുദ്ധിമുട്ടാറുണ്ടെന്നും യൂറോപ്യൻ യൂണിയനിൽ പരക്കെ ആക്ഷേപമുയർന്നിരുന്നു.

ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. റീലി ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചൈൽഡ് കെയർ സാധാരണക്കാർക്ക് താങ്ങാവുന്നത്രയാക്കാനും ജോലിയുള്ള അമ്മമാർക്ക് കുട്ടികളുടെ സംരക്ഷണവും ജോലിയുമായി ഒത്തുപോകാനുള്ള സാഹചര്യമൊരുക്കാനും ഈ കമ്മിറ്റി പഠനങ്ങൾ നടത്തും. ഒക്ടോബറിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ചൈൽഡ് കെയറിന് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സ്‌കൂൾ സമയം കഴിഞ്ഞുള്ള കെയറിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് തയാറാക്കുന്നത്. പിന്നീട് പ്രീസ്‌കൂൾ രണ്ടാം വർഷവും സൗജന്യ വിദ്യാഭ്യാസം നൽകാൻ കൂട്ടുകക്ഷി മന്ത്രി സഭ തത്വത്തിൽ ധാരണയായിട്ടുണ്ട്.

പെയ്ഡ് പേരന്റൽ ലീവിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും സർക്കാർ തലത്തിൽ വൈകാതെ തന്നെ തീരുമാനമാകുമെന്നുമാണ് പറയപ്പെടുന്നത്.