തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോർജ്ജും സമർപ്പിച്ച ഹർജികൾ കോടതി സ്വീകരിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. മാത്രവുമല്ല ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തൽ.

എന്നാൽ സിബിഐയുടെ അന്വേഷണറിപ്പോർട്ടിൽ കുടുംബം തൃപത്രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്ത് വന്നത്.

പുനരന്വേഷണം സംബന്ധിച്ച ഹർജി ബാലഭാസ്‌കറിന്റെ പിതാവ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേററ് കോടതിയിൽ നൽകിയിട്ടുണ്ട്. സോബി ജോർജ്ജും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി നൽകിയിരുന്നു. എന്നാൽ, സാക്ഷി മൊഴികൾ കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. സോബി ജോർജ്ജിനെതിരേ കേസെടുക്കാനുള്ള നടപടിയും സിബിഐ തുടങ്ങിവെച്ചിരുന്നു.

അപകടത്തെ തുടർന്നാണ് മരണമുണ്ടായതെന്നും അപകട സമയത്ത് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നും സി ബി ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, അപകടത്തിന് മുൻപ് ബാലഭാസ്‌കർ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ നൽകിയ കലാഭവൻ സോബിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനും സി ബി ഐ തീരുമാനിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ 132 സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും 100 രേഖകൾ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി ബി ഐ സമർപ്പിച്ചു. സി ബി ഐ ഡി വൈ എസ് പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമർപിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതേ രീതിയിലായിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്

തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബർ 25ന് പുലർച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.