ചെന്നൈ: എസ്.എസ്. രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കണ്ട് സ്റ്റൈൽമന്നൽ രജനീകാന്തും ഞെട്ടി. ബാഹുബലിയുടെ രണ്ടാംഭാഗം കണ്ട രജനി ഞെട്ടുക മാത്രമല്ല, സംവിധായകൻ രാജമൗലിയെ പ്രസംശകൊണ്ട് മൂടാനും മറന്നില്ല.

ബാഹുബലി 2 ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. 'ദൈവത്തിന്റെ സ്വന്തം കുഞ്ഞായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനം'-രജനി പറഞ്ഞു. ട്വിറ്ററിലാണ് സ്റ്റൈൽമന്നൻ തന്റെ അഭിനന്ദനം ചൊരിഞ്ഞത്.

രജനിയുടെ വാക്കുകൾ രാജമൗലിയെയും ആവേശത്തിലാക്കി. ഉടൻതന്നെ ട്വിറ്ററിൽ മറുപടിയും നല്കി. 'തലൈവാ..... ദൈവം നേരിട്ടുവന്ന് അനുഗ്രഹിച്ച അനുഭവമാണ്. ഇതിലും വലുതായി മറ്റൊന്നുമില്ല'. ചിത്രത്തിൽ പൽവാൾ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിയും രജനിയോട് നന്ദി രേഖപ്പെടുത്തി.

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലും ഇറങ്ങിയ ബാഹുബലി വൻ തരംഗമാണ് ബോക്സ്ഓഫീസിൽ ഉണ്ടാക്കുന്നത്. ദിവസം നൂറു കോടിവച്ച് ചിത്രം വാരുന്നതായാണു റിപ്പോർട്ട്. പ്രേക്ഷകരുടെയും സെലിബ്രിറ്റികളുടെയും മുക്തകണ്ഠ പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയാണ് ചിത്രം മുന്നേറുന്നത്.

വിസ്മയ ചിത്രത്തിലൂടെ രാജമൗലി ഇന്ത്യൻ വെള്ളിത്തിരയിൽ സൃഷ്ടിച്ച അത്ഭുതമാണ് ഇന്ന് സിനിമാ ലോകം ചർച്ച ചെയ്യുന്നതും. ഒരു സിനിമയ്ക്ക് ഇതിനുമപ്പുറം, എന്ത് ചെയ്യാനാകുമെന്നാണ് ആരാധകർ ചോദിക്കുന്നതും. യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 ആണ് ബോക്സ്ഓഫീസ് കാത്തിരിക്കുന്ന അടുത്ത രജനി പടം. അക്ഷയ്കുമാറാണ് ചിത്രത്തിൽ വില്ലനാവുന്നത്.