- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ അടിച്ചു പൊട്ടിക്കുന്നവർ തന്നെ; ഞങ്ങൾ അണക്കെട്ടും നിർമ്മിച്ചില്ല: പറയൂ കോൺഗ്രസെ നിങ്ങൾ എന്തൊക്കെയാണു ചെയ്തത്? ഉമ്മൻ ചാണ്ടിക്ക് മറുപടി
ബഹു കേരളാ മുഖ്യമന്ത്രിക്ക്, അങ്ങ്, കേരളാ പഠനകോൺഗ്രസ്സിനെക്കുറിച്ച് എഴുതിയ ലേഖനം മംഗളം പത്രത്തിൽ വായിച്ചു. അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ആ ഞെട്ടലിൽ ആണു ഇതു കുറിക്കുന്നത്.'അതിവേഗം ബഹുദൂരം' 'വികസനത്തിന്റെ ലാസ്റ്റ് ബസ്' എന്നൊക്കെ പറഞ്ഞു മലയാളികളെ വികസനത്തെപ്പറ്റി വലിയ സ്വപ്നങ്ങൾ കാണിക്കുന്ന അങ്ങു 'കേരള പഠനകോൺഗ്രസ്സ്' എന്നുകേൾക്കുമ്പ
ബഹു കേരളാ മുഖ്യമന്ത്രിക്ക്,
അങ്ങ്, കേരളാ പഠനകോൺഗ്രസ്സിനെക്കുറിച്ച് എഴുതിയ ലേഖനം മംഗളം പത്രത്തിൽ വായിച്ചു. അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ആ ഞെട്ടലിൽ ആണു ഇതു കുറിക്കുന്നത്.
'അതിവേഗം ബഹുദൂരം' 'വികസനത്തിന്റെ ലാസ്റ്റ് ബസ്' എന്നൊക്കെ പറഞ്ഞു മലയാളികളെ വികസനത്തെപ്പറ്റി വലിയ സ്വപ്നങ്ങൾ കാണിക്കുന്ന അങ്ങു 'കേരള പഠനകോൺഗ്രസ്സ്' എന്നുകേൾക്കുമ്പോൾ അതിനെ ക്രിയാത്മകമായി കാണുകയും സിപിഐ(എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള വിയോജിപ്പുകൾ മുൻനിർത്തിക്കൊണ്ടൂതന്നെ കേരളത്തിന്റെ വികസനത്തിനാവശ്യമായ പഠനങ്ങളെ സ്വാഗതം ചെയ്യുകയും അതുമുന്നോട്ടുവയ്ക്കുന്ന വികസനനയങ്ങളോടുള്ള അങ്ങയുടെ വിയോജിപ്പുകളും വിമർശനങ്ങളും ചർച്ചകൾക്കായി മുന്നോട്ടുവയ്ക്കും എന്നാണൂ പ്രതീക്ഷിച്ചത്.
പക്ഷെ
'കമ്പ്യൂട്ടർ അടിച്ചുപൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവർ പറയുന്നു, ഐടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്.'
ഇതാണു അങ്ങയുടെ ലേഖനത്തിന്റെ തുടക്കം. ഡൽഹിയും, മധ്യപ്രദേശും, ബീഹാറും, ഗുജറാത്തും, ആന്ധ്രപ്രദേശും, മഹാരാഷ്ട്രയുമടക്കം ഇന്ത്യയിലെ എല്ലാ പ്രധാന സംസ്ഥാനങ്ങളും അങ്ങു പറയുന്ന ഈ കാലയളവിൽ കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു. ഡൽഹിയിൽ ഇന്ത്യയുടെ ഭരണം ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കൈയിൽ ഈ പറയുന്ന കോൺഗ്രസ്സ് ഭരിച്ച എത്ര സംസ്ഥാനങ്ങളിൽ ഐടി കുതിപ്പ് ഉണ്ടായി?
കേരളത്തിൽ കമ്പ്യൂട്ടറിനെതിരെയുള്ള സമരത്തിൽ യൂത്ത്‌കോൺഗ്രസ്സ് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണൊ അങ്ങ് ഇങ്ങനെ ഒരു ലേഖനം തുടങ്ങിവച്ചിരിക്കുന്നത്?
വൻ പദ്ധതികളിൽ പങ്കില്ല
ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വൻപദ്ധതികൾ. ഇവ രണ്ടിലും ഇടതുസർക്കാരിനു യാതൊരു പങ്കുമില്ല.
തുടർന്ന് അങ്ങുപറയുന്നത് വൻപദ്ധതികളിൽ പങ്കില്ല എന്നാണൂ അതിനു ഉദാഹരണമായി 1973ലെ സി. അച്ചുതമേനോൻ സർക്കാർ കമ്മീഷൻ ചെയ്ത ഇടുക്കി അണക്കെട്ടാണു പറഞ്ഞിരിക്കുന്നത്. ഇടുക്കി അണക്കെട്ട് ബ്രിട്ടീഷ് ഭരണകാലത്ത് പ്രൊജക്ട് റിപ്പോർട്ടു തയ്യാറാക്കി തുടങ്ങിയതു ആണെന്നകാര്യവും അങ്ങേക്ക് അറിവുള്ളതാകുമല്ലൊ? എസ്.എൻ.സി ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനിയുടെ ചെലവിൽ ആണു ഡാം പണിതതു എന്നതും കൂടെ ഓർക്കുമല്ലൊ? ഇതേ കമ്പനി പിന്നീട് മലബാറിൽ ഒരു കാൻസർ സെന്ററിനു പണം നൽകിയത് അങ്ങയും മറ്റും ചെർന്ന് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കിയത് ഇന്നും കേരളത്തിൽ പാട്ടാണെന്നതും ഓർമ്മയുണ്ടാവുമൊ ആവോ?
ട്രാവൻകൂർ ടൈറ്റാനിയവും, എഫ്.എ.സി.ടിയുമൊക്കെ ഇതുപോലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സംഭവനയാണ്. ബ്രിട്ടീഷ് ഭരണകൂടം നാട്ടുരാജാക്കന്മാരുടെ കൈയിൽ കൊച്ചു രാജ്യങ്ങളായികിടന്ന ഈ ഉപഭൂഖണ്ഡത്തെ കൈവശപ്പെടുത്തി ഇന്ത്യ എന്ന രാജ്യമാക്കി മാറ്റി, അങ്ങ ഉദാഹരിക്കുന്ന ഇടുക്കി ഡാം, ഇന്ത്യൻ റെയിൽവേ അടക്കം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി, സതി, ശൈശവ വിവാഹം പോലുള്ള നിരവധി അനാചാരങ്ങൾ നിയമനിർമ്മാണത്തിലൂടെ അവസാനിപ്പിച്ചു. അങ്ങനെ നിരവധി നല്ലകാര്യങ്ങൾ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരികൾക്ക് എതിരെ മഹാത്മാ ഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും മൗലാനാ ആസാദിന്റെയും, സർദാർ പട്ടേലിന്റെയും മറ്റും നേതൃത്വത്തിൽ എന്തിനായിരുന്നു സമരങ്ങൾ നടന്നത്? ഗാന്ധിജി ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്‌കരിക്കുവാൻ പറഞ്ഞു, 'അതിവേഗം ബഹുദൂരം' വികസനം കൊണ്ടുവരുന്ന ഇന്ത്യൻ റെയിൽവേക്ക് ഗാന്ധിജി എതിരായിരുന്നു. അങ്ങ് ഊറ്റംകൊള്ളൂന്ന വികസനത്തിന്റെ എന്തുപങ്കാണു അങ്ങക്ക് അവകാശപ്പെട്ടിട്ടുള്ളത്?
നെടുമ്പാശ്ശേരി എയർപൊർട്ടിനെയാണു മറ്റൊരു വികസനമായി അങ്ങു ഉയർത്തിക്കാട്ടുന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ എതിർപ്പുകൾ വന്നിട്ടുണ്ട്. എയർപോർട്ടിന്റെ പേരിൽ കുടിയിറക്കിയവർക്ക് നഷ്ടപരിഹാരം കിട്ടുവാൻ എത്ര വലിയ സമരങ്ങൾ നടന്നു എന്നതും നഷ്ടപരിഹാരം എന്നാണു നൽകിയതുമെന്നതൊക്കെ അങ്ങയെക്കാൾ കൂടുതൽ ആർക്കാണു മുഖ്യമന്ത്രി അറിയാവുന്നത്? സമരങ്ങളെക്കാൾ കൂടുതലായി ചോദിക്കേണ്ട ചോദ്യം നെടുമ്പാശ്ശേരി എയർപോർട്ടുപണിയുന്നതിൽ കോൺഗ്രസ്സിനു എന്തു പങ്കാണുള്ളത്? അന്നു കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് ഭരണകൂടം കൊച്ചി എയർപോർട്ടിന്റെ നിർദ്ദേശം തള്ളിക്കളയുകയും പിന്നീട് കൊച്ചി കളക്ടർ ആയിരുന്ന വി.ജെ കുര്യന്റെ ബുദ്ധിയിൽ ഉദിച്ചതല്ലെ നെടുമ്പാശ്ശേരി എയർപോർട്ട്? എയർപോർട്ടിന്റെ ചരിത്രവുമായി നമുക്ക് അക്കാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്റെ പേരു ചേർത്തുവയ്ക്കാം പക്ഷെ കെ. കരുണാകരനുമായുള്ള അങ്ങയുടെ ബന്ധത്തെ എങ്ങനെയാണു വിശദീകരിക്കേണ്ടത്? അങ്ങയുടെ ഭാഷയിൽ പറഞ്ഞാൽ കരുണാകരനെതിരെ ഹർത്താലും, ബന്ദും നടത്തി അടിച്ചുപൊട്ടിച്ചു കുട്ടിച്ചോറാക്കി കരുണാകരനെ കോൺഗ്രസ്സിൽ നിന്നു നാടുകടത്തിയ സൗഹൃദം.
കേരളത്തിൽ കർഷക ആത്മഹത്യകളുടെ കാലത്ത് കേന്ദ്രത്തിൽ മന്മോഹൻ സിംഗും കേരളത്തിൽ അങ്ങുമായിരുന്നു അധികാരത്തിൽ ഇതൊക്കെ മറന്നിട്ടാണൊ കുട്ടനാട്ടിൽ കൊയ്തുമുടങ്ങി കർഷക ആത്മഹത്യകൾ നടന്നു എന്നൊക്കെ എഴുതുന്നത്?
കൽക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസർകോട് ഇത്തരമൊരു പദ്ധതി വന്നപ്പോൾ കണ്ണുമടച്ച് എതിർക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്.
അങ്ങ് ഈ ലേഖനം എഴുതുമ്പോൾ ഉപയോഗിക്കുന്ന ഫാനും ലൈറ്റുമൊക്കെ ഇന്നും കത്തിനിൽക്കുന്നത് പിണറായി വിജയൻ എന്നുപറയുന്ന ഒരു വൈദ്യുത മന്ത്രി ഭരിച്ചിരുന്ന കാലത്ത് നടത്തിയ ചില അറ്റകുറ്റപണികളുടെയും വൈദ്യുതി ഉത്പാദനരംഗത്ത് നടത്തിയ ഇടപെടലുകളൂടെയും ഫലമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് എന്നതു മറന്നുകൊണ്ടാണൊ? 15 വർഷങ്ങൾക്ക് അപ്പുറെ ഒരു ആന്റണി സർക്കാർ അധികാരം അവസാനിപ്പിക്കുമ്പോൾ കേരളത്തിലെ വ്യവസായ മേഖലക്ക് 15 മണിക്കൂർ പവർകട്ട് ആയിരുന്നു. (1991-96 യുഡിഎഫ് ഭരണം) വീടുകളിൽ എത്ര മണിക്കൂർ അന്നാളുകളിൽ ലൈറ്റ് കത്തി എന്നതും നമുക്ക് അറിവുള്ളതാണു.
പ്രശസ്ത നടൻ/സംവിധായകൻ ശ്രീനിവാനസന്റെ ആന്റണിഭരണകാലത്തെ ഒരു സിനിമ പവർകട്ടിലാണു ആദ്യസീൻ തുടങ്ങുന്നത്. സിനിമയുടെ ആദ്യസീനിൽ സ്‌ക്രീനിൽ ഇരുട്ടുമാത്രം ഒപ്പം സംഭാഷണവും കാശുകൊടുത്തു തീയേറ്ററിൽ സിനിമകാണുവാൻ കയറിയവർ കൂക്കുവിളിയോടെയാണു ആ അന്ധകാരത്തെ എതിരേറ്റത് എന്നത് ഓർത്താൽ അറിയാം എന്തായിരുന്നു അന്നാളുകളിൽ മലയാളിയുടെ വീട്ടിലെ അന്ധകാരം എന്നത്. ദിവസവും 15 മണിക്കൂർ വൈദ്യുതി കിട്ടാത്ത ഒരു നാട്ടിൽ എന്തു വികസനമാണു സർ അങ്ങ് പൊക്കിപിടിച്ചു നടത്തി എന്നുപറയുന്നത്? അങ്ങയുടെ ഈ മന്ത്രിസഭ എത്ര വൈദ്യുതിയാണു കൂടുതൽ ഉത്പാദിപ്പിച്ച് വികസനത്തിനു മുതൽക്കൂട്ടാക്കിയിരിക്കുന്നത്?
അങ്ങയെ ഒരു കാര്യം സവിനയം ഓർമിപ്പിക്കട്ടെ. അങ്ങു കേരളത്തിന്റെ വികസനപ്രവർത്തനത്തിനും, നാടിന്റെ ക്ഷേമോന്മുഖമായ എല്ലാ പ്രവർത്തനങ്ങൾക്കും ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനുമതീതമായി കേരളജനതയെ ഒന്നിച്ചു നയിക്കേണ്ട ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയാണു. ഒരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തിനതീതമായ നിലപാടും കാഴ്ചപ്പാടുമാണു നാടിന്റെ വികസനത്തിനു ഏറ്റവും ആവശ്യമായിട്ടുള്ളത്. അങ്ങു എഴുതിയ ഈ ലേഖനം വായിക്കുന്ന ആർക്കും അത്തര ഒരു നിലപാട് അങ്ങ് എടുത്തിട്ടുള്ളതായി പ്രത്യേകിച്ചു പഠനകോൺഗ്രസ്സ് എന്ന ബൃഹ്തായ ആ സംരഭത്തോടു അങ്ങു സ്വീകരിച്ചിട്ടില്ല എന്നേ മനസ്സിലാവു. ഖേദപൂർവ്വം കുറിക്കട്ടെ അങ്ങ് എഴുതിയ ലേഖനം. ഒരണസമരക്കലത്തെ കെ.എസ്.യു; ബാലജനസഖ്യം പ്രവർത്തകനായ ഉമ്മൻ ചാണ്ടിക്കു തികച്ചും അനുയോജ്യമായ ഒരു രാഷ്ട്രീയ ലേഖനമായിട്ടുമാത്രമേ കാണുവാൻ കഴിയുന്നുള്ളൂ. ബഹുകേരളാ മുഖ്യമന്ത്രിക്ക് യോജിക്കാത്ത ഒരു ലേഖനമായിപോയി ഇത് ഉമ്മൻ ചാണ്ടി സർ!