കോഴിക്കോട്: ലിബിയയിൽ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും യാതോരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് ബന്ധുക്കൾ. സർക്കാർ വിരുദ്ധ സംഘടനയായ മിലിഷ്യ എന്ന സംഘടനയാണു കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫ് ഉൽപ്പെടെ നാലംഗ സംഘത്തെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു പ്രാഥമിക വിവരം. കാണാതായ വിവരം ലഭിച്ച ഉടനെ തന്നെ സംസ്ഥാന കേന്ദ്ര സർക്കാറുകൾക്ക് പരാതി നൽകിയിരുന്നു.

കോഴിക്കോട് ജില്ലയിൽനിന്നുള്ള എംപിമാരായ മുല്ലപള്ളി രാമചന്ദ്രനും എംകെ രാഘവനും ഇടപെട്ട് വിഷയം കേന്ദ്ര വിദേസകാര്യ മന്ത്രി സുഷമ്മാ സ്വരാജിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ലിബിയയിലെ ഇന്ത്യൻ എമ്പസിയിൽ പരാതി നൽകിയെങ്കിലും റെജിയുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് ലിബിയയിൽ തന്നെ തങ്ങുന്ന ഭാര്യയും മക്കളും. നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പേരാമ്പ്രയിലെ റെജിയുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയതായും റെജിയുടെ സഹോദരൻ മറുനാടനോട് പറഞ്ഞു. ആശങ്കയുണ്ടെങ്കിലും റെജി തിരിച്ചെത്തുമെന്ന് തന്നെയാണ് കുടുംബത്തിന്റെ വിശ്വാസം. കേന്ദ്ര സർക്കാരിന്റേയു മുഖ്യമന്ത്രിയുടേയും വാക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് റെജിയുടെ കുടുംബം.

ലിബിയയിലെ സർക്കാർ വിരുദ്ധ സംഘടനയായ മിലിഷ്യയ്ക്ക് ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും മൂന്ന് സഹപ്രവർത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാർച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവർ ലിബിയൻ സ്വദേശികളാണ്. റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോയതായിരുന്നു റെജി. ജോലിസ്ഥലത്തുനിന്ന് റെജി ഉൾപ്പെട്ട സംഘത്തെ തട്ടിക്കൊണ്ടു പോയതായി സ്ഥാപനമേലധികാരി ലിബിയയിലുള്ള ഭാര്യ ഷിനുജയെ അറിയിക്കുകയായിരുന്നു. ലിബിയയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് റെജിയുടെ ഭാര്യ ഷിനുജ.

ഇവിടെ സിവിലിയൻ രജിസ്‌ട്രേഷൻ അഥോറിറ്റി പ്രൊജക്ടിൽ രണ്ടുവർഷമായി ജോലിചെയ്യുകയാണ് റെജി. ഭാര്യക്കും മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവർക്കുമൊപ്പമാണ് താമസം. 2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടർന്ന് 2010 ൽ നാട്ടിലേക്ക് തിരിച്ചുപോന്നു. 2014ൽ വീണ്ടും പോവുകയായിരുന്നു. റജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്‌സൈറ്റ് മാർച്ച് പകുതിയോടെ ഹാക്കർമാർ തകർത്തിരുന്നു. അതിനുശേഷം ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായും തിരികെ ജോലിക്കെത്താമെന്നും സ്ഥാപനം അറിയച്ചതിനെ ത്തുടർന്ന് 31നാണ് വീണ്ടും ജോലിക്ക് പോയത്.

കഴിഞ്ഞ 31 ന് പേരാമ്പ്രയിലെ കുടുംബാംഗങ്ങൾ റെജിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല . പിന്നീടാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടിൽ അറിയുന്നത്. ഇതോടെയാണ് ആശങ്ക തുടങ്ങുന്നത്.