ഡബ്ലിൻ: ആർഡിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്‌സ് റെജിയുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലു മുതൽ പത്തു വരെ കൗണ്ടി ലൗത്തിലെ ആർഡി ഹേൽസ്ട്രീറ്റിലുള്ള മൂർ ഹോൾ നഴ്‌സിങ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധിയാളുകൾ റെജിക്ക് അന്തിമോപചാരം അർപ്പിക്കാനായി എത്തും.

വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് ആർഡ് ജോൺ സ്ട്രീറ്റ് റോഡിലുള്ള ചർച്ച് ഓഫ് ദി നേറ്റിവിറ്റി പള്ളിയിൽ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് തിരുക്കർമങ്ങളും നടത്തപ്പെടും. ശുശ്രൂഷകൾക്ക് മലയാളി വൈദികരുൾപ്പെടെയുള്ള ഇന്ത്യൻ വൈദികർ കാർമികത്വം വഹിക്കും. നിയമനടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള സുഹൃത്തുക്കൾ.

ചൊവ്വാഴ്ച രാത്രിയോടെയാണ് അങ്കമാലി കൂനത്താനിൽ സെബാസ്റ്റ്യൻ ഭാര്യയായ റെജി (40) മരിക്കുന്നത്. കുളിക്കാനായി കയറിയ റെജി ബാത്ത്‌റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെനേരമായിട്ടും റെജിയെ കാണാത്തതിനെത്തുടർന്ന് ഭർത്താവ് സെബാസ്റ്റ്യൻ വീടിന്റെ രണ്ടാം നിലയിലുള്ള ബാത്ത്‌റൂമിൽ അന്വേഷിച്ചു ചെന്നപ്പോൾ ബോധരഹിതയായി കിടക്കുന്ന റെജിയെയാണ് കണ്ടെത്തുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ സിപിആർ കൊടുത്തെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി വളവിറോഡ് പാറേക്കാട്ടിൽ കുടുംബാംഗമാണ് റെജി.

സഞ്ജു (10), ജോസഫ് (ഏഴ്), ജോയിസ് (അഞ്ച്) എന്നിവരാണ് മക്കൾ. റെജിയുടെ മരണവിവരമറിഞ്ഞ് സഹോദരൻ സജി ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. ഇവിടെ ഡാൺഡാൽക്കനിൽ നഴ്‌സാണ് സജി. ഫാ. അജി സെബാസ്റ്റ്യൻ (ഫരീദാബാദ് രൂപത), അമൽ സെബാസ്റ്റ്യൻ (ന്യൂസിലാൻഡ്) എന്നിവരാണ് മറ്റു സഹോദരങ്ങൾ. പത്തു വർഷം മുമ്പാണ് റെജിയും സെബാസ്റ്റ്യനും അയർലണ്ടിൽ എത്തുന്നത്. മൂന്നു വർഷം മുമ്പ് ഐറീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു.