തൃശൂർ : സ്ത്രീജന്മം എന്ന ടിവി പരമ്പരയിൽ മായമ്മയായി ജനപ്രീതി നേടിയ താരമാണ് രേഖാ മോഹൻ. മലയാളിയുടെ തനത് ഭാവങ്ങളുമായി ക്യാമറയ്ക്ക് മുമ്പിലെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മായമ്മ മാറിയിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയിൽ മലയാളി അംഗീകരിച്ച സിനിമകളാണ്.

രേഖ മോഹനെ (45) തൃശൂരിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരൂഹതയില്ലെന്നാണ് പ്രാഥമിക സൂചന. മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടർന്നു സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവർ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൊലീസ് ഫ്‌ലാറ്റിന്റെ പൂട്ടു പൊളിച്ച് അകത്തുകയറുകയായിരുന്നു.

കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവർ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിയ്യൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. വിഷം അകത്തുചെന്നതാണു മരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. മക്കളില്ലാത്ത ദുഃഖം ഇവരെ അലട്ടിയിരുന്നു. പോസ്റ്റ് മോർട്ടത്തിലൂടെ മാത്രമേ മരണകാര്യത്തിൽ വ്യക്തത വരികയുള്ളൂ.

വിരലടയാള വിദഗ്ധരും പൊലീസും ചേർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ കൊടകര പിഷാരത്ത് കുടുംബാംഗമാണ്. ഭർത്താവ് മലേഷ്യയിൽനിന്ന് എത്തിയ ശേഷം സംസ്‌കാരം തീരുമാനിക്കും. ഏറെ നാളായി ഈ ഫ്ളാറ്റിൽ താമസിക്കുകയാണ്.

സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയൽ രംഗത്ത് നിന്നും അകന്ന് നിൽക്കുകയായിരുന്നു. രേഖയുടെ മരണവാർത്തയിൽ സിനിമാസീരിയൽ രംഗവും ദുഃഖം പങ്കുവച്ചു.