ഇസ്‌ളാമാബാദ്: ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന് ഇനി ഒരു സാമ്പത്തിക സഹായവുമില്ലെന്ന് അമേരിക്കൻ പ്രിസിഡന്റ് തന്നെ നേരിട്ട് ട്വീറ്റിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാരമായി ഉലയുന്നു. ്്ട്രംപ് ഇത്തരത്തിൽ തുറന്നുപറഞ്ഞതോടെ ലോകരാജ്യങ്ങൾക്കിടയിൽ നാണംകെട്ട സ്ഥിതിയായിട്ടുണ്ട് പാക്കിസ്ഥാന്. ഇതിൽ നിന്ന് കരകയറാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിൽ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ പരാജയത്തിന്റെ പേരിൽ യുഎസ് തങ്ങളെ കുറ്റപ്പെടുന്നത് നിർത്തണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണെന്നാണ് റിപ്പോർട്ടുകൾ. സമീപഭാവിയിലൊന്നും ഇനി പാക്കിസ്ഥാന് അമേരിക്കയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റാൻ ആവില്ലെന്ന നിലയിൽ സ്ഥിതി മാറുന്നുവെന്ന് നയതന്ത്രജ്ഞരും വിലയിരുത്തുന്നു.

'കഴിഞ്ഞ 15 വർഷക്കാലത്തു 3300 കോടി ഡോളറിന്റെ (ഏകദേശം 2,10,820 കോടിരൂപ) സാന്പത്തികസഹായം സ്വീകരിച്ച് അമേരിക്കൻ സർക്കാരിനെ പാക്കിസ്ഥാൻ വിഡ്ഢികളാക്കി. പാക്കിസ്ഥാനിൽനിന്നു നുണയും വഞ്ചനയുമല്ലാതെ അമേരിക്കയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. അഫ്ഗാനിൽ ഞങ്ങൾ വേട്ടയാടിയ ഭീകരർക്ക് അവർ സുരക്ഷിതതാവളം ഒരുക്കി, ഇനി ഇല്ല'-ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. പിന്നാലെ പാക്കിസ്ഥാനു വർഷാവർഷം നൽകിയിരുന്ന 25.5 കോടി ഡോളറിന്റെ സാന്പത്തികസഹായം നിർത്തലാക്കാൻ അമേരിക്ക തീരുമാനിക്കുകയും ചെയ്തു.

ഇതോടെ യുഎസിനുള്ള ഔദ്യോഗിക പ്രതികരണം തീരുമാനിക്കാൻ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസി മന്ത്രിസഭായോഗം വിളിച്ചു. പാക് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗവും ചേരുന്നുണ്ട്. അമേരിക്ക നൽകിയ പണത്തിന്റെ കണക്ക് വെളിപ്പെടുത്താനുള്ള നീക്കത്തിലാണ് പാക്കിസ്ഥാൻ. ലോകം സത്യം അറിയട്ടെയെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ് പറഞ്ഞു.

ഇത്തരത്തിൽ പാക്കിസ്ഥാനും അമേരിക്കയ്ക്ക് എതിരായ നിലപാട് സ്വീകരിച്ച് തിരികെ പ്രതികരിക്കാൻ തീരുമാനിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പക്ഷേ, അമേരിക്കയ്ക്കല്ല, മറിച്ച് പാക്കിസ്ഥാന് തന്നെയാകും ഏറെ ദോഷമുണ്ടാക്കുകയെന്നും നയതന്ത്രന്ത വിലയിരുത്തൽ വരുന്നുണ്ട്. എന്നാൽ ചൈനയുടെ സഹായമുണ്ടാകുമെന്ന വിലയിരുത്തലുമായി പാക്കിസ്ഥാൻ നീങ്ങുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയുടെ ദക്ഷിണേഷ്യൻ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ വേണ്ടവിധം സഹകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നു മുന്നറിയിപ്പു നല്കിയിരുന്നു. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാന് വലിയ ധനസഹായമാണു നല്കിവന്നിരുന്നത്. 2002 മുതൽ 3300 കോടി ഡോളർ നല്കിയിട്ടുണ്ട്.

അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഈ മാസം യോഗം ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന ധനസഹായം നല്കണമോ എന്ന കാര്യത്തിൽ ആലോചന നടത്തിയിരുന്നു. പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാൻ ഓഗസ്റ്റിൽ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെ തിരേ മതിയായ നടപടികൾ എടുക്കാതെ ധനസഹായം നല്കില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമൊരു ക്കുന്നുവെന്ന് ട്രംപ് മുമ്പും ആരോപിച്ചിരുന്നു.