സൗഹൃദങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയ ഫേസ്‌ബുക്കും വാട്‌സാപ്പും നമ്മുടെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയാണോ? കോടതിയിലെത്തുന്ന വിവാഹമോചനക്കേസ്സുകളിൽ ഭൂരിഭാഗത്തിലും വില്ലൻ വാട്‌സാപ്പിലെയും മെസ്സഞ്ജറിലെയും ചാറ്റുകളാണ്. ചാറ്റ് രഹസ്യങ്ങളെ ചോദ്യം ചെയ്തുതുടങ്ങുന്ന വിള്ളലുകളാണ് കുടുംബ ബന്ധങ്ങളെത്തന്നെ ഇല്ലാതാക്കുന്നതിലേക്ക് വളരുന്നത്.

ലുധിയാനയിലെ കുടുംബക്കോടതിയിൽ ഭാര്യയുടെ വാട്‌സാപ്പ്, ഫേസ്‌ബുക്ക് രഹസ്യങ്ങളുമായാണ് ബിസിനസ്സുകാരനായ യുവാവ് എത്തിയത്. എന്നാൽ, കോടതിയെപ്പോലും ഞെട്ടിച്ചുകൊണ്ട് അയാളുടെ ഭാര്യ എത്തിയത് ഭർത്താവിന്റെ വാട്‌സാപ്പ്, ഫേസ്‌ബുക്ക് രഹസ്യങ്ങളുമായി! പരസ്പരം വഞ്ചിക്കുകയായിരുന്നുവെന്ന രഹസ്യമാണ് ഇതോടെ പരസ്യമായത്.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഫേസ്‌ബുക്കിൽ ഭർത്താവിന് വരുന്ന പ്രണയ സന്ദേശങ്ങളുടെ പേരിലാണ് മറ്റൊരു യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ ഭർത്താവ് ഭാര്യയുടെ സ്മാർട്ട്‌ഫോണിലെ പ്രണയ സന്ദേശങ്ങൾ ചോർത്തിയെടുത്ത് പകരം വീട്ടി. യഥാർഥത്തിൽ ഈ സംഭവങ്ങൾ ലുധിയാനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നതാണ് സത്യം.

വാട്‌സാപ്പും ഫേസ്‌ബുക്കും കുടുംബ ബന്ധങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറിയിക്കുകയാണെന്ന് നിയമവിദഗ്ധരും കൗൺസലർമാരും പറയുന്നു. പരസ്പരം കുറ്റാരോപണങ്ങളുമായി വരുന്ന ഭാര്യഭർത്താക്കന്മാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാൻ മുൻകാലങ്ങളിൽ എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ അവർ വരുന്നത് ഇരുവരുടെയും രഹസ്യങ്ങളടങ്ങിയ വാട്‌സാപ്പ്, ഫേസ്‌ബുക്ക് വിവരങ്ങളുമായാണെന്ന് ഡൽഹിയിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെ കൗൺസലറായ പ്രദീപ് ധാൾ പറയുന്നു.

വിവാഹ മോചനക്കേസ്സുകളിൽ വാട്‌സാപ്പും ഫേസ്‌ബുക്കും കാരണമാകുന്നതിന്റെ എണ്ണം വൻതോതിൽ ഉയർന്നിട്ടുണ്ട്. 35 ശതമാനത്തോളം കേസ്സുകളിലും വില്ലൻ വാട്‌സാപ്പും മെസഞ്ജറുമാണ്. ഫ്രണ്ട്‌സ് ലിസ്റ്റിൽ ചിലരുടെ സാന്നിദ്ധ്യമാകും പ്രശ്‌നങ്ങൾക്ക് തുടക്കമിടുക. അവരുമായുള്ള സംസാരം കുടുംബബന്ധത്തിൽ സംശയത്തിന്റെ വിത്തുകൾ പാകും. ഇതുപതുക്കെ വലുതായി ഭിന്നതയിലേക്ക് തന്നെ നീങ്ങും-ധാൾ പറയുന്നു.