ക്കഴിഞ്ഞ നവംബർ 4ന് ബ്രിട്ടീഷ് പൗരത്വമുള്ള പഞ്ചാബി ജഗ്തർ സിങ് ജോഹലിനെ പഞ്ചാബിലെ ജലന്ധറിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം കൂടുതൽ വിവാദമാകുന്നു. ഇതിനെതിരെ ബ്രിട്ടനിലെ നൂറ് കണക്കിന് സിഖുകാരാണ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.ജോഹലിനെ അറസ്റ്റ്് ചെയ്തതിനെതിരെ ബ്രിട്ടനിലെ 175 എംപിമാരും മുന്നോട്ട് വന്നിട്ടുണ്ട്. പഞ്ചാബിലെ പൊലീസ് ജോഹലിന് മേൽ കേസ് ഗൂഢാലോചനയിലൂടെ വ്യാജമായി ചുമത്തുകയും അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും മർദിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് ഇന്നലെ വൈറ്റ്ഹാളിലെ ഫോറിൻ ഓഫീസിന് മുന്നിൽ നൂറ് കണക്കിന് സിഖുകാരാണ് പ്രതിഷേധവുമായെത്തിയത്.

പഞ്ചാബിലെ ഹിന്ദുനേതാക്കളുടെ കൊലപാതകത്തിന് ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ പണം നൽകിയെന്ന കുറ്റമാണ് ഈ 30 കാരന് മേൽ പഞ്ചാബ് പൊലീസ് ചുമത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലൻഡിലെ വെസ്റ്റ് ഡൻബാർടൻഷെയറിലെ ഡംബാർടൻ സ്വദേശിയായ ജോഹൽ സുഹൃത്തുക്കൾക്കിടയിലും കുടുംബക്കാർക്കിടയിലും ജാഗി എന്നാണറിയപ്പെടുന്നത്. ഇയാളുടെ കാര്യത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വച്ച് ബോഡിസെപ്പറേഷൻ ടെക്‌നിക്കുകളും ഇലക്ട്രോക്യൂഷനും ഉപയോഗിച്ച് പൊലീസ് പീഡിപ്പിച്ചിരുന്നുവെന്നാണ് ജോഹൽ വെളിപ്പെടുത്തിയിരുന്നത്.

ചൊവ്വാഴ്ച നടന്ന വിചാരണയിൽ ജോഹലിന്റെ റിമാൻഡ് ഈ ആഴ്ചയുടെ അവസാനം വരെ നീട്ടിയിട്ടുമുണ്ട്. ഇതിനാൽ ബ്രിട്ടീഷ് ഗവൺമെന്റ് അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ജോഹൽ കസ്റ്റഡിയിൽ വച്ച് തന്നെ മരിച്ചേക്കാമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പേകുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിൽ ഫോറിൻ ഓഫീസിന് മുന്നിൽ വൻ ജനക്കൂട്ടമായിരുന്നു കൂട്ടം കൂടി നിന്നിരുന്നത്. ജോഹലിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്ലേക്കാർഡുകൾ ഇവർ പിടിച്ചിരുന്നു. ജോഹലിനെ രക്ഷിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുന്നുവെന്നും സിഖുകാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയുമാണെന്നാണ് സ്‌കോട്ട്‌ലൻഡിൽ നിന്നും ലണ്ടനിലെത്തി പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ജോഹലിന്റെ സഹോദരൻ ഗുർപ്രീത് സിങ്‌ജോഹത്ത് ആരോപിച്ചിരിക്കുന്നത്.

തന്റെ സഹോദരൻ ബ്രിട്ടനിൽ ജനിച്ച് പൗരത്വം നേടിയ ആളാണെന്നും 30 വർഷമായി ഇവിടെ ജീവിക്കുന്ന വ്യക്തിയാണെന്നും മെഗാഫോണിലൂടെ ജോഹത്ത് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നിട്ടും ബ്രിട്ടീഷ് പൗരനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ജോഹലിന്റെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി സിഖ് ഫെഡറേഷൻ യുകെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഈ കേസിനെ ചൊല്ലിയുള്ള ഉത്കണ്ഠ നിമിത്തം തങ്ങൾ 100ൽ അധികം എംപിമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിഖ് ഫെഡറേഷൻ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് 175 എംപിമാർ ജോഹലിന് വേണ്ടി രംഗത്തിറങ്ങിയത്.ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് വിവാഹിതനായ ജോഹൽ തന്റെ ഭാര്യക്കൊപ്പം ഷോപ്പിങ് നടത്തുമ്പോഴായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയത്.ഈ കേസുമായി ബന്ധപ്പെട്ട് തങ്ങൾ ജോഹലിന്റെ കുടുംബം, ഇന്ത്യൻ അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ബ്രിട്ടീഷ്‌കോമൺവെൽത്ത് ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.