മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻട്രസ്ട്രീസ് ലിമിറ്റഡ് ജെസ്റ്റ് ഡയൽ ലിമിറ്റഡിനെ വാങ്ങി. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും റിലയൻസ് വാങ്ങിയത് 5,719 കോടിയുടെ ഇടപാടിലൂടെയാണ് എന്നാണ് റിപ്പോർട്ട്. പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് വഴി 25.35 ശതമാനം, ഓപ്പൺ ഓഫർ വഴി 26 ശതമാനം, പ്രമോട്ടർമാരിൽ നിന്ന് സെക്കന്ററി പർച്ചേസ് 15.62 ശതമാനം ഇങ്ങനെയാണ് റിലയൻസ് ജസ്റ്റ് ഡയലിൽ വാങ്ങുന്ന ഓഹരി. മൊത്തത്തിൽ റിലയൻസിന്റെ കീഴിലെ റിലയൻസ് റീട്ടെയിൽ വെൻച്വർസ് ലിമിറ്റഡ് ജസ്റ്റ് ഡയലിന്റെ 66.95 ശതമാനം ഓഹരി സ്വന്തമാക്കും.

നിലവിലെ പ്രമോട്ടർമാർ കമ്പനിയുടെ 10.6 ശതമാനം ഓഹരി നിലനിർത്തും. കമ്പനിയുടെ എംഡിയായ വി എസ്എസ് മണി അടുത്ത അഞ്ച് കൊല്ലത്തേക്കും ഈ സ്ഥാനത്ത് തന്നെ തുടരുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് മാസത്തിലെ ഫയലിങ് അനുസരിച്ച് ആപ്പ്, വോയിസ് സേവനങ്ങളിലായി ജസ്റ്റ് ഡയലിന് 13 കോടി യൂനിക്ക് യൂസേർസ് ഉണ്ടെന്നാണ് പറയുന്നത്.

അതേ സമയം കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 5.8 ശതമാനത്തിന്റെ കുറവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ വന്നത്. 1994 ൽ മുംബൈ ആസ്ഥാനമാക്കി ആരംഭിച്ച ജെസ്റ്റ് ഡയൽ വിവിധ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഒരു ഫോൺ കോളിലൂടെ ലഭ്യമാക്കുന്ന സേവനമാണ്. അതേ സമയം അടുത്തിടെ ജെഡി മാർട്ട് പോലുള്ള ഓൺലൈൻ ഇ-കോമേഴ്‌സ് സേവനങ്ങളും ഇവർ ആരംഭിച്ചിരുന്നു.