- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബനാറസ് ഹിന്ദു സർവകലാശാലയിൽ വിസിംറ്റിങ് പ്രൊഫസറായി നിതാ അംബാനി എത്തുമെന്ന വാർത്തകൾ വ്യാജമെന്ന് റിലയൻസ്; സർവകലാശാലയിൽ നിതയെ നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമോ മറ്റു നിർദ്ദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിശദീകരണം
മുംബൈ: ബനാറസ് ഹിന്ദു സർവകലാശാലയിൽ വിസിംറ്റിങ് പ്രൊഫസറായി നിതാ അംബാനി ചുമതലയേൽക്കും എന്ന വാർത്ത വ്യാജമെന്ന് റിലയൻസ്. സർവ്വകലാശാലയിൽ നിതാ അംബാനിയെ നിയമിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് റിലയൻസ് ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ബനാറസ് സർവകലാശാലയിൽ നിതയെ നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമോ, മറ്റു നിർദ്ദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത്തരം ഒരു നിർദ്ദേശവുമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും റിലയൻസ് വക്താവ് വ്യക്തമാക്കുന്നു.
നിലവിൽ റിലയ9സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിതാ. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിതാ അംബാനിയെ നിയമിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 40 ലധികം വരുന്ന വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ രാകേഷ് ഭട്ട്നഗറിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. ബി.എച്ച്. യുവിലെ വിമൻ സ്റ്റഡീസ് ആൻഡ് ഡെവലപ്മെൻറ് പഠന വിഭാഗത്തിലാണ് യൂണിവേഴ്സിറ്റി നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ തീരുമാനിച്ചത് എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്.
പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ് ഇതിനകം കത്തയച്ചതെന്നായിരുന്നു റിപ്പോർട്ട്. രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റിങ് പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്. സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോമുമായി റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി രംഗത്തെത്തിയിരുന്നു. ഹെർ സർക്കിൾ എന്നു പേരിട്ടിരിക്കുന്ന പുതിയ സംരഭം ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തിയുമായി സ്ത്രീകളുടെ ശക്തിയെ സമന്വയിപ്പിക്കുന്ന സവിശേഷമായ ഒന്നായിരിക്കുമെന്നാണ് നിതാ അംബാനി പ്രസ്തവിച്ചത്. ആശയവിനിമയം, ഇടപഴകൽ, സഹകരണം, പരസ്പര പിന്തുണ എന്നിവയ്ക്ക് സന്തോഷകരവും സുരക്ഷിതവുമായ ഇടം നൽകിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനും ആഗോളതലത്തിൽ സാഹോദര്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റൽ നെറ്റ്വർക്കിങ് പ്ലാറ്റ് ഫോം ആയ ഹെർ സർക്കിൾ ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഡിജിറ്റൽ കൂട്ടായ്മയാണ് ഹെർ സർക്കിൾ വിഭാവനം ചെയ്തിരിക്കുന്നത് - ഇന്ത്യൻ സ്ത്രീകളിൽ തുടങ്ങി ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിനായി ഇത് തുറന്നിരിക്കുന്നു. സ്ത്രീകൾക്കു മാത്രമായുള്ള ഒരു സാമൂഹിക മാധ്യമമായിരിക്കും ഹെർ സർക്കിൾ. എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിലുമുള്ള സ്ത്രീകളുടെ അഭിലാഷങ്ങൾ, സ്വപ്നങ്ങൾ, കഴിവുകൾ എന്നിവ പ്രോൽസാഹിപ്പിക്കാൻ ഹെർ സർക്കിൾ മുൻകൈയെടുക്കും.
ഹെർ സർക്കിൾ ഒരു ഡെസ്ക്ടോപ്പ്, മൊബൈൽ റെസ്പോൺസിബിൾ വെബ്സൈറ്റ് ആണ്, ഇത് Google Play സ്റ്റോറിലും മൈ ജിയോ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനായി ലഭ്യമാണ്. അവസാനമായി, ഹെർ സർക്കിളിലെ പങ്കാളിത്തം അതിന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമാണ്. ഇത് തുടക്കത്തിൽ ഇംഗ്ലീഷിലും പിന്നീട് മറ്റ് ഭാഷകളിലും ഉള്ളടക്കം ലഭ്യമാകും.
മറുനാടന് മലയാളി ബ്യൂറോ