ന്യൂഡൽഹി: സാമ്പത്തികത്തകർച്ച നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചില സ്വത്തുക്കൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ധാരണയായതായി റിലയൻസ് ജിയോ അറിയിച്ചു.

ധാരണ അനുസരിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ടവറുകൾ, ഓപ്റ്റിക് ഫൈബർ കേബിൾ ശൃംഖല, സ്പെക്ട്രം, മീഡിയ കൺവെർജൻസ് നോഡ്സ് തുടങ്ങിയവ റിലയൻസ് ജിയോ ഏറ്റെടുക്കും.

ഗാർഹിക വ്യാവസായിക ആവശ്യങ്ങൾക്കായുള്ള വയർലെസ്, ഫൈബർ സേവനങ്ങൾക്ക് ഈ സ്വത്തുക്കൾ റിലയൻസ് ജിയോയ്ക്ക് സഹായകമാവും. അതേസമയം ഏറ്റെടുക്കലിന് സർക്കാർ അധികൃതരുടേതടക്കം അനുമതികൾ ലഭിക്കാനുണ്ട്. പണമിടപാട് സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ പുറത്തുവിട്ടിട്ടില്ല. താമസിയാതെ ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം അറിയിച്ചു.

40,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസിനുള്ളത്. ഇതേ തുടർന്ന് കമ്പനിയുടെ ഡിടിഎച്ച്, വയർലെസ് ടെലികോം വ്യവസായങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. കടബാധ്യത തീർക്കാൻ എയർസെല്ലുമായി ചേരാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ തുടർന്നാണ് പ്രധാന വ്യവസായങ്ങൾ അവസാനിപ്പിച്ചതും അതുമായി ബന്ധപ്പെട്ട സ്വത്തുവകകൾ വിൽപ്പനയ്ക്ക് വെച്ചതും.

റിലയൻസ് ജിയോയുടെ വരവ് തന്നെയാണ് മറ്റ് കമ്പനികളെ പോലെ റിലയൻസ് കമ്മ്യൂണിക്കേഷൻസിനും തിരിച്ചടിയായത്. എയർടെൽ, വോഡഫോൺ, ഐഡിയ പോലുള്ള മുൻനിര കമ്പനികൾ പിടിച്ചുനിന്നപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അടക്കമുള്ള മറ്റ് കമ്പനികൾക്ക് അടിപതറുകയായിരുന്നു.