ന്യൂഡൽഹി: മൊബൈൽ സേവനദാതാക്കളായ ഐഡിയക്കും എയർടെല്ലിനും വൊഡാഫോണിനും എതിരെ റിലയൻസ് ജിയോ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) പരാതി നൽകിയതായി റിപ്പോർട്ട്. ഐഡിയക്കും എയർടെല്ലിനും ഇപ്പോൾ പഴയ മത്സരമില്ലെന്നാണ് പരാതിയെന്നാണ് സൂചന. 

ജിയോക്കെതിരെ ടെലികോം മാർക്കറ്റിൽ മുഖ്യ എതിരാളികളായ ഇവർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്നാണ് പരാതി. പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു. ജിയോയ്ക്ക് എതിരെ പ്രവർത്തിക്കുന്നു എന്നു കാണിച്ച് ഐഡിയ, എയർടെൽ, ഫെവാഡാഫോൺ കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകിയിരിക്കുന്നത്.

ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിന് ട്രായ് മൂന്നു കമ്പനികൾക്കും കൂടി 3,050 കോടി രൂപയാണ് പിഴയിട്ടത്. ജിയോയുടെ കോളുകൾക്ക് ആവശ്യമായ ഇന്റർകണക്ട് പോയിന്റുകൾ നൽകുന്നില്ല എന്നു കാണിച്ചായിരുന്നു നടപടി.