സൗജന്യ ഫോൺ പ്രഖ്യാപനത്തിന് ശേഷം റിലയൻസ് ജിയോ വിദ്യാർത്ഥികൾക്കായി ആകർഷകമായ പദ്ധതിയുമായി രംഗത്ത്. രാജ്യത്തെ മൂന്നു കോടിയോളം വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വൈ ഫൈ നൽകുമെന്നാണ് ജിയോയുടെ പുതിയ പ്രഖ്യാപനം.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ. നിർദ്ദേശം സർക്കാർ പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ സുതാര്യമായിട്ടാണ് നടക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാസമാണ് കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിർദ്ദേശം ജിയോ സർക്കാരിന് മുന്നിലെത്തിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.

എല്ലാ വിദ്യാർത്ഥികൾക്കും വൈഫൈ ആക്സസ് ലഭിക്കും. നാഷണൽ നോളജ് നെറ്റ്‌വർക്കിന്റെ 'സ്വയം' പ്ലാറ്റ്ഫോമിൽ ഓൺലൈൻ കോഴ്സുകളടക്കം നൽകും.

ജിയോ ഇതിനായി ഹോട്ട്സ്പോട്ടുകൾ നിർമ്മിക്കും. മാനവ വിഭവശേഷി മന്ത്രാലയത്തിന് ഒരു ടെലികോം ദാതാവിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു നിർദ്ദേശം ലഭിക്കുന്നത്.