- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക രോഷത്തിന്റെ ചൂടറിഞ്ഞതോടെ സുല്ലു പറഞ്ഞ് അംബാനി! ഞങ്ങൾ കൃഷി ചെയ്യുന്നില്ല, കർഷകരുമായി യാതൊരു ഇടപാടുമില്ല; കാർഷിക നിയമങ്ങളുമായി ഒരു ബന്ധവുമില്ല; നിയമങ്ങളുമായി റലിയൻസിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ്സു കെടുത്തുന്നു; റിലയൻസ് പിന്മാറ്റം ജിയോ ബഹിഷ്കരണം ശക്തമായതോടെ
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിന്റെ പേരിൽ ഏറ്റവും ക്ഷീണം സംഭവിച്ചത് മുകേഷ് അംബാനിക്കാണ്. പഞ്ചാബിൽ കർഷകർ റിലയൻസ് പമ്പുകളും ജിയോ മൊബൈലും ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനത്തിൽ സാരമായ പരിക്കാണ് റിലയൻസിന് ഏൽക്കേണ്ടി വന്നത്. ഇതോടെ നിരന്തരം തിരിച്ചടികൾ നേരിടേണ്ടി വന്നതോടെ റിലയൻസ് തങ്ങൾക്ക് കർഷകരമായി യാതൊരു ബന്ധവുമില്ലെന്ന് വാർത്താക്കുറിപ്പിറക്കി.
പുതിയ കാർഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. കാർഷിക നിയമങ്ങൾ കൊണ്ടു തങ്ങൾക്കു യാതൊരു വിധ പ്രയോജനവും ഇല്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾക്കു പിന്നിൽ റിലയൻസ് ആണെന്ന പ്രചാരണം വ്യാപകമാവുന്നതിനിടെയാണ് കമ്പനിയുടെ വിശദീകരണം. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലും ഹരിയാനയും റിലയൻസിന്റെ മൊബൈൽ ടവറുകൾക്കു നേരെ വ്യാപകമായി ആക്രമണങ്ങൾ നടന്നിരുന്നു. റിലയൻസ് ജിയോ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണവുമായി രംഗത്തുവന്നത്.
''രാജ്യത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്ന കാർഷിക നിയമങ്ങളുമായി റിലയൻസിന് ഒരു ബന്ധവുമില്ല. ഒരു വിധത്തിലും കമ്പനിക്ക് അതുകൊണ്ടു പ്രയോജനവുമില്ല. നിയമങ്ങളുമായി റലിയൻസിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ്സു കെടുത്തുന്നതാണ്.'' ഇത് ബിസിനസിനെ ബാധിച്ചതായും പ്രസ്താവനയിൽ പറയുന്നു.
റിലയൻസ് കരാർ കൃഷിയോ കോർപ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കർഷകരിൽനിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വിൽക്കുന്ന, കമ്പനിയുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ കർഷകരിൽനിന്നു നേരിട്ട് വിളകൾ വാങ്ങുന്നുമില്ല. കർഷകരുമായി കമ്പനി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നില്ല. കുറഞ്ഞ വിലയ്ക്ക് കർഷകരിൽനിന്നു വിളകൾ വാങ്ങരുതെന്ന് വിതരണക്കാർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
മൊബൈൽ ടവറുകൾക്കു നേരയെുള്ള ആക്രമണം അടിയന്തരമായി നിർത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ റിലയൻസ് ജിയോ ഹർജി നൽകിയതായും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈൽ ടവറുകൾക്കെതിരെ. റിലയൻസ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കർഷക പ്രതിഷേധത്തിൽ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയുമുണ്ടായി.
കഴിഞ്ഞാഴ്ചയാണ് കർഷക പ്രതിഷേധം വ്യാപകമായി റിലയൻസിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയും ജനറേറ്ററുകൾ കേടാക്കിയുമാണ് കർഷകർ പ്രതികരിക്കുന്നത്. കർഷക നിയമത്തന്റെ പ്രധാന ഗുണഭോക്താവായി കരുതപ്പെടുന്ന മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജിയോ. പലയിടത്തും ജിയോ ജീവനക്കാർക്കു നേരെയും കർഷകരുടെ പ്രതിഷേധമുണ്ട്. ജലന്ധറിൽ കമ്പനിയുടെ ഫൈബർ കേബിളുകൾ കൂട്ടമായിട്ടു കത്തിച്ചു. കമ്പനി ജീവനക്കാർക്കു നേരെ പ്രതിഷേധക്കാർ കയർക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്