മുംബൈ: രാജ്യത്ത് ടെലികോം സേവന ദാതാക്കളുടെ എണ്ണം കൂടി വന്നപ്പോഴും ഉപയോക്താക്കൾക്ക് പണം മുടക്കാതെ ഫ്രീ സർവീസിലൂടെ ഡാറ്റയും കോളിങും വാരിക്കോരി നൽകിയ റിലയൻസ് ഒരുങ്ങുന്നത് പുത്തൻ ടെലികോം വിപ്ലവത്തിന്. യുഎസ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കമ്പനിയുമായി അംബാനി കൈകോർക്കുന്നത് പുത്തൻ സ്മാർട്ട് ഫോൺ നിർമ്മിക്കാനാണെന്നാണ് വിവരം. ചുരുങ്ങിയ വിലയ്ക്ക് സ്മാർട്ട് ഫോണുകൾ ഉപഭോക്താക്കളുടെ കയ്യിലേക്ക് എത്തുന്നതോടെ മറ്റ് ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാകും ഉണ്ടാകുക എന്നാണ് നിഗമനം. റിലയൻസിന്റെ ഈ തീരുമാനത്തെ ഫ്രീ സുനാമി എന്നാണ് ടെക്ക് ലോകം വിശേഷിപ്പിച്ചിരിക്കുന്നത്.

മറ്റ് ടെലികോം സേവനദാതാക്കൾ അവരുടെ ഫോണുകൾക്കായി വിപണിയിലുള്ള കമ്പനികളെയാണ് ആശ്രയിക്കുന്നത്. അതേസമയം ജിയോയുടെ പ്ലാൻ നടക്കുകയാണെങ്കിൽ താഴ്ന്ന വിലയിൽ തരക്കേടില്ലാത്ത ഹാൻഡ്സെറ്റും കുറഞ്ഞ താരിഫും ഒരുമിപ്പിച്ചൊരു ആക്രമണമായിരിക്കാം ജിയോ പ്ലാൻ ചെയ്യുക. ജിയോ പദ്ധതിയെ കുറിച്ചുള്ള പ്രധാന അഭ്യൂഹങ്ങൾ ഇവയാണ്: കോൺട്രാക്ടായി ഹാൻഡ്സെറ്റുകൾ നിർമ്മിച്ചു നൽകുന്ന അമേരിക്കൻ കമ്പനിയായ ഫ്ളെക്സും മുകേഷ് അംബാനിയുടെ കമ്പനിയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ജിയോ അവതരിപ്പിക്കാൻ പോകുന്നത് പ്രതീക്ഷിക്കാത്തത്ര എണ്ണം ഫോണുകൾ ആണത്രെ. ചർച്ചകൾ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ഇത്ര വലിയ ഓർഡറാണ് ജിയോ നടത്തുന്നതെന്നറിഞ്ഞ് ടെലികോം സെക്ടറിൽ വലിയ ചലനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിലൂടെ നികുതി കുറച്ചു കിട്ടുമെന്നതിലൂടെ ഫോണിന്റെ വില പരമാവധി ഇടിച്ചു വിൽക്കാമെന്നു കരുതുന്നു. അതുകൊണ്ട് ഒരു സ്പെഷ്യൽ ഇക്കണോമിക് സോണിലായിരിക്കും ഇരു കമ്പനികളും ചേർന്നുള്ള നിർമ്മാണശാല തുടങ്ങുക. സ്മാർട് ഫോണുകളിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമായ മികച്ച ഫീച്ചറുകൾ മിക്കതും ഉൾക്കൊള്ളിച്ച് ഫോൺ നിർമ്മിക്കാനാണ് നീക്കം.

ഇതിലൂടെ ഇന്ത്യയിലെ 50 കോടി ഫീച്ചർ ഫോൺ ഉപയോക്കളെ ആകർഷിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാൻഡ്സെറ്റിന്റെ വിലയും താരിഫും അത്ര ആകർഷകമാക്കാനാണ് കമ്പനിയുടെ ശ്രമമത്രെ. ഫ്ളെക്സിന് ഇപ്പോൾ പ്രതിമാസം അമ്പതു ലക്ഷത്തോളം ഫോൺ നിർമ്മിക്കാനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്നു. അവർക്ക് ഇപ്പോൾ ഇന്ത്യയിലുള്ള ഫാക്ടറി ചെന്നൈയ്ക്കു സമീപമുള്ള സ്പെഷ്യൽ ഇക്കണോമിക് സോണിലാണ്.

ഡേറ്റയും ഫോണും നൽകൽ മാത്രമായിരിക്കില്ല ജിയോ ചെയ്യാൻ പോകുന്നത്. ഫോണുകൾക്ക് തകരാർ വന്നാൽ അതു ശരിയാക്കാനുള്ള സർവീസ് സെന്ററുകളും തുടങ്ങിയേക്കും. ഒരു ജിബി ഡേറ്റ പ്രതിമാസം എന്ന തോതിലായിരിക്കാം ഫോൺ വാങ്ങുന്നവർക്കു നൽകുന്ന ഓഫർ. സ്‌ക്രീനിനും മറ്റും തകരാർ വന്നാൽ നന്നാക്കിത്തരാമെന്നും ജിയോയുടെ ഓഫറിൽ ഉണ്ടാകാം. സ്‌ക്രീൻ പൊട്ടുമോ എന്ന പേടിയാണ് ഫീച്ചർ ഫോൺ ഉപയോക്താക്കളെ ഇപ്പോൾ സ്മാർട് ഫോണുകൾ വാങ്ങുന്നതിൽ നിന്ന് അകറ്റിനിറുത്തുന്ന കാരണങ്ങളിലൊന്ന് എന്ന വാദമുണ്ട്. പൊട്ടിയാൽ സ്‌ക്രീൻ മാറാൻ മാത്രം ഫോണിന്റെ പകുതി വില നൽകേണ്ടിവരുമെന്നാതാണ് കാരണം.

ആദ്യ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമാകാത്ത ഇന്ത്യൻ ടെലികോം വ്യവസായത്തെ ജിയോയുടെ നീക്കം വീണ്ടും പിടിച്ചു കുലുക്കുക തന്നെ ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. ബേസിക് ഫോൺ ഉപയോക്താക്കളെയു കവർന്ന് ജിയോ അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.