കൊച്ചി: ബാർകോഴ കേസിൽ കെ ബാബുവിന് താൽക്കാലിക ആശ്വാസം. കെ ബാബുവിനെതിരെ എഫ്‌ഐആർ ഇടണമെന്ന തൃശ്ശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് പി ഉബൈദിന്റെതാണ് യുഡിഎഫിന് ആശ്വാസകരമായ വിധി.

ബാബുവിനെതിരെ രണ്ട് മാസത്തേക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നാണ് ഉത്തരവിൽ പറയുന്നത്. പത്ത് ദിവസത്തിനകം ദ്രുതപരിശോധന റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിന് കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കേ കീഴ്‌ക്കോടതിയിൽ നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ല ഹൈക്കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം കേസിൽ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പു മന്ത്രിയായിരുന്ന കെ. ബാബു വിജിലൻസ് കോടതിയുടെ പരാമർശങ്ങളെത്തുടർന്ന് ജനുവരി 23 ന് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇതുവരെ രാജി സ്വീകരിച്ചിരുന്നില്ല.

ബാബുവിനെതിരായ ബാർ കോഴ ആരോപണം സംബന്ധിച്ച ദ്രുത പരിശോധന (ക്വിക് വെരിഫിക്കേഷൻ) പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ സർക്കാരിനെ വെട്ടിലാക്കുന്ന പരാമർശം തൃശ്ശൂർ വിജിലന്‌സ് കോടതി നടത്തിയത്. സർക്കാരിനെതിരെയും വിജിലൻസിനെതിരേയും രൂക്ഷ വിമർശമാണ് കോടതി നടത്തിയത്. വിജിലൻസിന്റെ സത്യസന്ധതയും ആത്മാർത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു.

വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു തുടർന്നാണ് ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി വിമർശനങ്ങളോടെ തള്ളിയത്.

മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനും കൂടി ആശ്വാസം പകരുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെ ബാബുവിന്റെ രാജി മുഖ്യമന്ത്രി ഇതുവരെ ഗവർണർക്ക് കൈമാറിയിരുന്നില്ല. ബാബുവിന്റെ കേസിൽ വിധി സ്റ്റേ ചെയ്തതോടെ തങ്ങൾക്കും സറ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതുകൊണ്ട് തന്നൈ ഹൈക്കോടതിയെ സമീപിക്കാൻ തിരക്കിട്ട കൂടിയാലോചനകൾ നിയമവൃത്തങ്ങളിൽ നടക്കുകയാണ്. അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസിഫലിയുമായി കൂടിക്കാഴ്‌ച്ച നടത്തി.

നാളെ തന്നെ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ശ്രമം നടക്കുന്നത്. ആര്യാടനും മുഖ്യമന്ത്രിക്കും എതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ കോൺഗ്രസ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിയമവശങ്ങൾ പരിശോധിക്കാതെയാണ് വിധിയെന്ന് ടി സിദ്ദിഖ് പറഞ്ഞു. മറ്റ് എ ഗ്രൂപ്പ് നേതാക്കളും കോടതി വിധിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്താൽ നിലനിൽക്കില്ലെന്ന പൊതുധാരണ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.