പാലാ: ബാർ കോഴ കേസിൽ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ സോഷ്യൽ മീഡിയിലെ 'എന്റെ വക 500' എന്ന ക്യാംപെയ്ൻ മൂലം എത്തുന്ന മണി ഓർഡറുകൾ പാലായിലെ പോസ്റ്റ് മാൻ തിരിച്ചയയ്ക്കും. മാണിയുടെ വീട്ടിലേക്കുള്ള കത്തിടപാടുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്റെ നിർദ്ദേശ പ്രകാരം ഇതുവരെ വന്നതും ഇനി വരുന്നതുമായ മണി ഓർഡറുകൾ തിരിച്ചയയ്ക്കാൻ പോസ്റ്റ് ഓഫീസ് അധികൃതർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.

അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറെ കോടികൾ കൂടി നമ്മൾ നാട്ടുകാർ പിരിച്ചു കൊടുക്കണം, എന്റെ വക അഞ്ഞൂറ് എന്ന് ആഷിഷ് അബു ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് വിജയമാക്കിയത്. തുടർന്ന് മാണിയുടെ അഡ്രസിലേക്ക് മണിയോർഡറുകളെത്തി. ചിലർ പിച്ച ചട്ടിയെടുത്ത് പരിച്ചാണ് ഇത് അയച്ചത്. ഇതോടെ പുലിവാല് പിടിച്ചത് പാലായിലെ പോസ്റ്റൽ ജീവനക്കാരായിരുന്നു.

പാലായിലെ പോസ്റ്റ് ഓഫീസിൽ കെ.എം മാണിയുടെ പേരിൽ വന്നു കൊണ്ടിരിക്കുന്ന മണി ഓർഡർ എന്തു ചെയ്യണമെന്നറിയാതെ പോസ്റ്റുമാനും പോസ്റ്റ് ഓഫീസ് ജീവനക്കാരും ബുദ്ധിമുട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ പതിനയ്യായിരത്തിലധികം രൂപ മാണിയുടെ പേരിൽ മണി ഓർഡർ വന്നിട്ടുണ്ട്. ദിവസേന ഇത്തരത്തിൽ ആയിരക്കണക്കിന് രൂപയാണ് മാണിയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്നത്. മണി ഓർഡർ മന്ത്രിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാനും വയ്യ തിരിച്ചയയ്ക്കാനും വയ്യ എന്ന അവസ്ഥയിലായിരുന്നു പോസ്റ്റൽ ജീവനക്കാർ.

ഒടുവിൽ മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. എല്ലാം തിരിച്ചയ്ക്കാൻ നിർദ്ദേശിച്ചു. ഇതോടെയാണ് തപാൽ ജീവനക്കാർക്ക് ആശ്വാസമായത്.