- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകര റെസ്റ്റ് ഹൗസിലെ കുപ്പയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; മന്ത്രി മുഹമ്മദ് റിയാസിന്റെ ശാസനയിൽ പുറത്താക്കിയ ജീവനക്കാർക്ക് ആശ്വാസം; പുതുവർഷ ദിനത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാം
കോഴിക്കോട്: വടകര നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലെ, ജോലിയിൽ നിന്നു പുറത്തായ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുത്തു. പുതു വർഷ ദിനത്തിൽ രണ്ടു പേർക്കും വാച്ച്മാൻ തസ്തികയിൽ തിരികെ പ്രവേശിക്കാം. കെട്ടിടത്തിന് വെളിയിലെ മാലിന്യ കൂമ്പാരത്തിൽ മദ്യക്കുപ്പി കണ്ടതിന്റെ പേരിലാണ് മന്ത്രിയുടെ നിർദേശ പ്രകാരം താൽക്കാലിക ജീവനക്കാരെ പുറത്താക്കിയത്. ഒരു മാസം മുമ്പാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിലും പരിസരത്തും പരിശോധന നടത്തിയതും മദ്യക്കുപ്പി കണ്ടെടുത്തതും. ഇക്കാരണത്താൽ റസ്റ്റ് ഹൗസ് വാച്ച്മാന്മാരോട് മാറി നിൽക്കാൻ പിഡബ്ല്യുഡി അസി. എഞ്ചിനീയർ നിർദേശിക്കുകയായിരുന്നു. ഇതോടെ ഇവർക്ക് ജോലിയില്ലാതായി.
റെസ്റ്റ് ഹൗസിൽ ഇരുപത് വർഷത്തോളമായി ജോലി ചെയ്യുന്ന പി കെ പ്രകാശൻ, സി എം ബാബു എന്നിവർക്കെതിരെയായിരുന്നു നടപടിയുണ്ടായത്. ഇവർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. റസ്റ്റ് ഹൗസ് പരിസരത്തെ കുപ്പയിൽ നിന്ന് പഴക്കംചെന്ന മദ്യക്കുപ്പി കണ്ടെടുത്തതാണ് ഇവർക്കെതിരെയുള്ള കുറ്റമായി മന്ത്രി വിവരിച്ചത്. മന്ത്രി പരസ്യമായി ഇവരെ ശാസിക്കുന്നത് മാധ്യമങ്ങളിൽ വന്നിരുന്നു.
ഇതിന് ശേഷമാണ് 'കുറ്റക്കാരെ' പിരിച്ചുവിടുമെന്ന് മന്ത്രി നേരിട്ട് പ്രഖ്യാപിച്ചത്. ഈ നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് സിപിഎം അനുകൂല എൻജിഒ യൂണിയൻ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നടപടിക്ക് വിധേയരായ ഒരാൾ സിപിഎം അനുഭാവിയാണ്. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇവരോട് ജോലിയിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ചത്. എന്നാൽ രണ്ട് താത്ക്കാലിക ജീവനക്കാരെ ബലിയാടാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സി പി എം അനുകൂല എൻ ജി ഒ യൂണിയന്റേത്.
അമ്പത് വയസ്സിലേക്ക് കടക്കുന്ന രണ്ട് ജീവനക്കാരും പാവപ്പെട്ട കുടുംബങ്ങളുടെ അത്താണിയാണ്. ഒരു ജീവനക്കാരന്റെ ഭാര്യ വികലാംഗയുമാണ്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശം സർക്കാറിന് മുന്നിലുള്ളപ്പോഴായിന്നു റിയാസിന്റെ ഇടപെടൽ ഉണ്ടായത്. കെട്ടിടത്തിനു പുറത്തെ മാലിന്യകൂമ്പാരത്തിൽ മദ്യക്കുപ്പി കണ്ടതിന്റെ പേരിൽ കൈക്കൊണ്ട അച്ചടക്ക നടപടി പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ഏതായാലും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി കിട്ടിയതിൽ ഇരുവരും ആശ്വാസം പ്രകടിപ്പിച്ചു. പുതുവർഷ ദിനത്തിൽ ജോലിയിൽ ഹാജരാവാനാണ് നിർദ്ദേശം.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.