ന്ന് തിരുവോണം. എല്ലാ മലയാളിക്കും മറുനാടൻ മലയാളി ടീമിന്റെ സമൃദ്ധിയുടേയും ശാന്തിയുടേയും തിരുവോണാശംസകൾ. മലയാളിക്ക ഈ ദിവസം പ്രത്യാശയുടേയും സമൃദ്ധിയുടേയും ആഘോഷ ദിനമാണ്. മലയാളിയുടെ ദേശീയോത്സവ ദിനം. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം.

മാവേലി ഭരണത്തിന്റെ ഓർമ്മയിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിക്കുകയാണ് മറ്റൊരു കോവിഡു കാലത്ത് മലയാളികൾ. ജാഗ്രത കൈവിടാത്ത മറ്റൊരു ഓണക്കാലം. ഓണപ്പൂക്കളത്തിനും ഓണക്കോടിക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഉത്രാട ദിനത്തിൽ തന്നെ മലയാളി ഒരുക്കി. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി ഈ ദിനം ആഘോഷിക്കും.

ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണർത്തി വന്നുപോകുന്നു. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കൽപ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാൾ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയിൽ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികൾ, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം ആഘോഷിക്കുന്നു.

ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവർത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവർത്തിയുടെ സൽഭരണം സ്വർഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നൽകാമെന്നു മഹാവിഷ്ണു സമ്മതിച്ചു.

അപ്രകാരം വാമനനെന്ന ബ്രാഹ്‌മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.

മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീർക്കണം. അത്തം മുതൽ തീർത്ത കളങ്ങളെക്കാൾ വലിയ കളം തീർത്ത് മാവേലിയെ വരവേൽക്കണം. ശ്രദ്ധയോടെ പ്രഥമ പരിഗണന നൽകി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളമാണ്. പഴയകാലത്ത് മിക്കവർക്കും ആണ്ടിലൊരിക്കൽ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി തന്നെ. കുട്ടികൾക്ക് മഞ്ഞക്കോടി എന്ന തോർത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേർത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികൾ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്.

നാക്കിലയിൽ വിഭവങ്ങൾ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാൻ. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. തിരുവോണ ദിനത്തിൽ എപ്പോഴും മുന്നിട്ട് നിൽക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. കാർഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു.