- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം യാഗശാലയായപ്പോൾ
തിരുവനന്തപുരം: ദേവീ കടാക്ഷം 'ചാറ്റൽ മഴയായി' അതിരാവിലെ പെയ്തിറങ്ങി. അനുഗ്രഹം മഴുത്തുള്ളിയായി ദേഹത്ത് വീഴുന്നതിന്റെ സൗഭാഗ്യം നുകർന്ന് ഭക്തലക്ഷങ്ങളും. സമാനതകളില്ലാത്ത തിരിക്കാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണ. പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരത്ത് മഴ പെയ്യുമെന്നത് ഒരു വിശ്വാസമാണ്. സാധാരണ തലേദിവസമാണ് മഴ എത്തുക. ഇത്തവണ അതുണ്ടായില്ല. കടുത്ത ചൂടിൽ വലയുകയായിരുന്നു തിരുവനന്തപുരം. അതിനിടെ അപ്രതീക്ഷിതമായി പുലർച്ചെ ചാറ്റൽ മഴ എത്തി. ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാകാത്ത മഴ. അത് ഭക്തിയുടെ പാരമ്യതയിലേക്ക് സ്ത്രീജനങ്ങളെ കൊണ്ടു പോയി.
ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റൽ മഴ തുടർന്നു. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. എന്നാൽ പിന്നീട് മഴ ആരേയും ബുദ്ധിമുട്ടിച്ചില്ല. ചൂടിന് ശമനം വരും വിധം ആകാശം മേഘാവൃതവുമായി. അങ്ങനെ പൊങ്കാല ഇടാനെത്തുന്നവർക്ക് പ്രകൃതി തന്നെ വേനലിന്റെ പാരമ്യതാ കാലത്തും തണലൊരുക്കി. അതിന്റെ അനുഗ്രഹം ആവോളം നുകർന്ന് വിശ്വാസികളും പൊങ്കല മഹോത്സവത്തിന്റെ ഭാഗമായി. എല്ലാ അർത്ഥത്തിലും തിരുവനന്തപുരം യാഗശാലയായി മാറി.
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് തിങ്ങി നിറഞ്ഞായിരുന്നു പൊങ്കാലക്കലങ്ങൾ. തിരികെ പോകാനുള്ള സൗകര്യത്തിൽ റെയിൽവേ സ്റ്റേഷനടുത്തും തമ്പാനൂർ ബസ് സ്റ്റാൻഡിലും പൊങ്കാലക്കലങ്ങൾ നിറഞ്ഞു. രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമായി. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് അതിവേഗമെത്തി. സ്ത്രീ കൂട്ടായ്മയുടെ കരുത്തിന് തെളിവായി അത്.
2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കായി 500 ബസുകൾ ഓടിക്കും. 300 ബസുകൾ ജില്ലയിൽ സർവീസ് നടത്തും. 200 ദീർഘദൂര ബസുകളും ഇതിനായി തയാറാണ്.
രണ്ടു ദിവസം മുൻപു തന്നെ തിരുവനന്തപുരത്ത് എത്തി ആറ്റുകാൽ ക്ഷേത്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ അടുപ്പുകൾ സ്ഥാപിച്ചു കാത്തിരിക്കുന്ന ഭക്തകൾക്ക് ഇന്ന് ആഗ്രഹ സാഫല്യത്തിന്റെ ദിനമാണ്. ദൂര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. പലയിടത്തും ആഴ്ചകൾക്കു മുൻപു തന്നെ കല്ലുകൾ നിരത്തി, പേരെഴുതിയ ബോർഡ് സ്ഥാപിച്ച് ഇടം പിടിച്ചവരുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്നു ശനിയാഴ്ച പകലും വൈകീട്ടുമായി ജനക്കൂട്ടം തലസ്ഥാനത്തേക്ക് ഒഴുകി. എല്ലാ വഴികളും ആറ്റുകാലിലേക്കു എന്ന സ്ഥിതിയായിരുന്നു.
ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചു. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ 10.30-ന് പൊങ്കാലയ്ക്കു തുടക്കമായി. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിമാർക്കു കൈമാറി. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാരയടുപ്പിലും തീ പകർന്നു. ഇവിടെനിന്നു പകർന്നുകിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന പൊങ്കാലയടുപ്പുകളെ ജ്വലിപ്പിക്കുന്നത്.
രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.