കൊച്ചി: പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷത്തിൽ. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അമ്പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പുലർച്ചെ തന്നെ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു.

കരുതലിന്റെ പെസഹയും അനുതാപത്തിന്റെ ദുഃഖവെള്ളിയും മറികടക്കുന്നതാണ് ഈസ്റ്റർ ആഘോഷം. ഇന്ന് ഞായറാഴ്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും വിജയം പ്രഖ്യാപിക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷിക്കുകയാണ് ക്രൈസ്തവർ. പുലർച്ചെമുതൽ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങി. കുരിശുമരണത്തിനുശേഷമുള്ള മൂന്നാംനാളിൽ യേശുദേവൻ ഉയിർത്തെഴുന്നേറ്റെന്നാണ് വിശ്വാസം. ഈ ദിവസമാണ് സ്‌നേഹസന്ദേശവുമായി ഈസ്റ്റർ ആഘോഷിക്കുന്നത്.

കേരളത്തിലും വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമാണ് പ്രാർത്ഥനകൾ നടന്നത്. ദുഃഖവെള്ളിദിനം കുരിശിലേറിയ യേശു മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈ സുദിനത്തിൽ വിശ്വാസികൾ യേശുദേവന്റെ പീഡാനുഭവത്തെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

നെഞ്ച് പൊട്ടുന്ന വേദനയോടെ കുരിശുമേന്തി യേശുദേവൻ കിലോമീറ്ററോളം നടന്നു. കൊടും ക്രൂരതകളും പീഡനവും അനുഭവിച്ചു. പിന്നെ ഉയർത്തെഴുന്നേൽപ്പ്. ആ ദിവസത്തെ ഓർത്തെടുക്കുന്ന പ്രത്യാശയുടെ ദിനമാണ് ഈസ്റ്റർ. എഡി രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റർ ആഘോഷം നടന്നതെന്നാണ് പറയുന്നത്. നാലാം നൂറ്റാണ്ടിന്റെ തുടക്കം തന്നെ ഈസ്റ്റർ ഒദ്യോഗിക ആഘോഷമായി മാറിയിരുന്നു.

അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പങ്കുവയ്ക്കുന്നത്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഉയിർപ്പ് ശുശ്രൂഷകൾ നടന്നു. കോതമംഗലം രൂപതയ്ക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ ദേവാലയത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പുലർച്ചെ 3 ന് ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ ഉയിർപ്പ് ശുശ്രൂഷകൾ നടത്തി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉയിർപ്പ് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.

പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാളിന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത മാർ ദിയസ്‌കോറസ് നേതൃത്വം നൽകി. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കൊച്ചി കരിങ്ങാച്ചിറ കത്തീഡ്രലിൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ നടത്തി.