തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ തൃപ്തികരമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണൻ. ഒരുക്കങ്ങൾ വിലയിരുത്താൻ ആറ്റുകാലിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂർണ അർഥത്തിൽ നടക്കുന്ന പൊങ്കാല എന്നതിനാൽ മുൻ വർഷങ്ങളെക്കാൾ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാൽ കൂടുതൽ കരുതൽ നടപടികൾ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളിൽ സി സി ടി വികൾ സ്ഥാപിക്കും. അറിയിപ്പ് ബോർഡുകൾ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഡി സി പി അജിത് വി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.

ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂമും എമർജൻസി മെഡിക്കൽ സെന്ററും ഏർപ്പെടുത്തും. പൊങ്കാലയിൽ ഹരിത പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി ഉറപ്പാക്കും. 27 മുതൽ കെ എസ് ആർ ടി സി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകൾ സർവീസ് നടത്തും. മുൻവർഷം 250 ബസുകളാണ് സർവീസ് നടത്തിയിരുന്നത്.

കുടിവെള്ള വിതരണത്തിനായി വാട്ടർ അഥോറിറ്റി 1270 താൽകാലിക ടാപ്പുകൾ സജ്ജീകരിക്കും. കോർപ്പറേഷനിലെ 40 വാർഡുകളിലായി 4500 ഓളം തെരുവുവിളക്കുകൾ കെ എസ് ഇ ബി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കും. ആറ്റുകാൽ ദേവി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, സബ്കളകടർ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.