ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാപൗർണ്ണമി ഉത്സവം നാളെ നടക്കും. വർഷത്തിൽ ഒരിക്കൽ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവനാളിൽ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. രാവിലെ ആറു മണി മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. പുലർച്ചെ നാലു മണി മുതൽ ഇരുസംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹകർമ്മി, പൂജാസാമഗ്രികളുമായി വരുന്നവർ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചു മണിക്ക് ആറു ട്രാക്ടറുകളിലായി ഭക്ഷണവും കയറ്റിവിടും. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല.

ഡിസ്പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല. ഓഫ് റോഡ് ജീപ്പ് പോലെയുള്ള നാലുചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാർ ഫിറ്റ്നസ് പരിശോധിച്ച വാഹനത്തിൽ സ്റ്റിക്കർ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല.

കുമളി ബസ്സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ വാഹനങ്ങൾ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്തലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലൻസുകളും മല മുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും. മദ്യം, മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല. മാധ്യമപ്രവർത്തകർക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നൽകിയിട്ടുള്ള ലിസ്റ്റ് പരിശോധിച്ച ശേഷമാകും അധികാരികൾ പ്രവേശനം അനുവദിക്കുക.

സ്ഥാപനം അനുവദിച്ചിട്ടുള്ള ഫോട്ടോ ഐ.ഡി കാർഡ് കൈയിൽ കരുതണം. പ്രത്യേകമായി പാസ് ഇഷ്യൂ ചെയ്യുന്നില്ല. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും ഐഡി കാർഡ് ധരിച്ചിരിക്കണം. മുൻ വർഷത്തേക്കാൾ കൂടുതൽ താൽക്കാലിക ടോയ്ലറ്റ് സൗകര്യങ്ങൾ ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്.