- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ലയിക്കുന്നു?
കോട്ടയം: ഇടവേളക്കുശേഷം മലങ്കര സഭയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കം സജീവമായി. സംസ്ഥാന സർക്കാറിന്റെ ആശീർവാദത്തോടെയാണ് ഇതെന്നാണ് സൂചന. ഇതിന് ഓർത്തഡോക്സ് സഭ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ലയനനീക്കം നടക്കുന്നുവെന്ന പ്രചാരണം യാക്കോബായ നേതൃത്വം നിഷേധിക്കുകയാണ്.
മലങ്കരസഭാ തർക്കവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സർക്കാറിന്റെ സജീവ പരിഗണനയിലാണ്. ഇതിന്റെ കരട് ഇടതുമുന്നണി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കിയാൽ 2017ലെ സുപ്രീംകോടതി വിധിയിലൂടെ നേടിയ മേൽക്കൈ നഷ്ടമാകുമെന്ന തിരിച്ചറിവാണ് ലയന നീക്കത്തിന് ഓർത്തഡോക്സ് സഭ വഴങ്ങാൻ കാരണമെന്നാണ് വിവരം.
സുപ്രീംകോടതി വിധിയോടെ അസ്തിത്വ പ്രതിസന്ധി നേരിടുന്ന യാക്കോബായ വിഭാഗത്തിനും നിയമപരമായ നിലനിൽപിന് നിയമ നിർമ്മാണമോ യോജിപ്പോ മാത്രമെ പോംവഴിയുള്ളൂവെന്ന തിരിച്ചറിവുള്ളതിനാൽ ലയന ചർച്ചകളോടുള്ള അവരുടെ എതിർപ്പ് താൽക്കാലികമാണെന്നാണ് ചുക്കാൻ പിടിക്കുന്നവരുടെ വിലയിരുത്തൽ.
സുപ്രീംകോടതി വിധി വന്നയുടൻ തന്നെ ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്തമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. സഖറിയാസ് മാർ നിക്കോളവാസ് എന്നിവർ ലയന നീക്കവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയെ കണ്ടിരുന്നു. എന്നാൽ, ഇവരുടെ നീക്കം അന്ന് സഭ തന്നെ തള്ളിക്കളയുകയായിരുന്നു.
ഓർത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത ഇരുവരും യാക്കോബായ സഭയിൽ നിന്ന് വന്നവരായതിനാൽ ഇതിനെ സംശയത്തോടെയാണ് അന്ന് സഭയിലെ ഒരുവിഭാഗം നോക്കിക്കണ്ടത്. എന്നാൽ, അഞ്ച് വർഷത്തിനു ശേഷം ഓർത്തഡോക്സ് സഭാ നേതൃത്വം തന്നെ സഭകളുടെ യോജിപ്പിന് തയാറായത് ശ്രദ്ധേയമായിട്ടുണ്ട്. 1912ലെ ആ ദ്യ പിളർപ്പിനുശേഷം 1958 ലാണ് ഇരുസഭയും യോജിച്ചത്. 1972ൽ വീണ്ടും രണ്ടാവുകയായിരുന്നു.