തിരുവനന്തപുരം: യേശുദേവന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകളിൽ ഇന്ന് പെസഹ വ്യാഴം ആചരിക്കും. അവസാന അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ഭവനങ്ങളിൽ ഇന്ന് പെസഹ അപ്പവും പാലും ഉണ്ടാക്കും. പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയും നടക്കും. കേരളത്തിൽ മലയാറ്റൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ജനലക്ഷങ്ങളാൽ ഭക്തിസാന്ദ്രമാകും.

യേശു കുരിശു മരണം വരിക്കുന്നതിനു മുൻപായി തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലാണ് പെസഹ വ്യാഴം. യേശുവിനെ ക്രൂശിലേറ്റിയ ദിവസമാണ് ദുഃഖവെള്ളി. ഈ ദിവസങ്ങളുടെ ഓർമ്മ പുതുക്കിയാണ് ഭക്തർ മല കയറുന്നത്. ക്രൂശിലേറ്റാൻ കൊണ്ട് പോകുന്ന വഴിയിൽ 14 സ്ഥലങ്ങളിൽ യേശു നിന്നു എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായി കുരിശുമുടി പള്ളിയിൽ എത്തുന്നതിന് മുൻപ് 14 സ്ഥലങ്ങളും മലയാറ്റൂരിൽ ഉണ്ട്. പെസഹ ദിനത്തിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും , പൂർണ്ണ ദിന ആരാധനയും അപ്പം മുറിക്കൽ ശുശ്രഷയും നടക്കുന്നു.

വിശുദ്ധ വാരത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശു മുടിയിലേക്ക് വൻ ഭക്തജനപ്രവാഹമാണ്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കി കുരിശുമായിട്ടാണ് ഭക്തർ മല കയറുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന തീർത്ഥാടന കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പടെ അഭൂതപൂർവ്വമായ തിരക്കാണ് മലയാറ്റൂരിൽ അനുഭവപ്പെടുന്നത്.

പെസഹാ വ്യാഴത്തിലെ സന്ധ്യാ സമയത്തെ പ്രത്യേക പ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ (ത്രിദിനം) യോശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും കുരിശിലേറിയുള്ള മരണവും ഉയർത്തെഴുന്നേൽപ്പും സ്മരിക്കുന്നു.

പെസഹാ വ്യാഴത്തിലെ പ്രധാന ചടങ്ങുകൾ

കാൽകഴുകൽ ശുശ്രൂഷ:

അന്ത്യത്താഴത്തിന് മുമ്പായി യേശു, ശിഷ്യരുടെ കാൽ കഴുകുന്നതിനെ അനുസ്മരിച്ച് ഒരോ ദേവാലയിത്തിന് കീഴിലുമുള്ള ഇടവകയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി ചുംബിക്കുന്ന ചടങ്ങാണ് ഈ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ടത്. തന്റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിലൂടെ ലോകത്തിന് മുഴുവൻ എളിമയുടെ സന്ദേശമാണ് യേശുക്രിസ്തു നൽകിയത്.

ഇതിന്റെ ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയും പ്രാർത്ഥനകളും. ക്രിസ്തുവിന്റെ എളിമയും വിനയവും മാതൃകയാക്കി ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ നടക്കും. യേശു തന്റെ പന്ത്രണ്ട് ശിഷ്യരുടേയും കാൽ കഴുകിയത് അനുസ്മരിച്ച് ദേവാലയങ്ങളിൽ പുരോഹിതർ താലത്തിൽ വെള്ളമെടുത്ത് വെൺകച്ചയും അരയിൽ ചുറ്റി പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകി കച്ച കൊണ്ട് തുടച്ച ശേഷം ചുംബിക്കുന്നു.

പെസഹാ വിരുന്നും അപ്പവും:

പെസഹാ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിലും വീടുകളിലും പെസഹാ വിരുന്ന് ഒരുക്കും. പെസഹാ വ്യാഴാഴ്ച ഒരുക്കുന്ന പെസഹാ വിരുന്ന്, യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ കുറിക്കുന്നതാണ്. ഈ ദിവസം ക്രൈസ്തവ വീടുകളിൽ പെസഹ അപ്പവും (ഇണ്ട്രി അപ്പം) പെസഹാ പാലും ഉണ്ടാക്കുന്ന പതിവുമുണ്ട്. ഓശാന ഞായറാഴ്ചയിൽ ദേവാലയങ്ങളിൽ നിന്ന് പുരോഹിതർ നൽകുന്ന കുരുത്തോല കീറി മുറിച്ച്, പെസഹാ അപ്പത്തിന് മുകളിൽ കുരിശ് അടയാളത്തിൽ വയ്ക്കുന്നു.

അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒത്തുചേരുകയും ഓരോ വീടുകളിൽ പോയി അപ്പം മുറിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ചില വീടുകളിൽ പുത്തൻപാനയും വായിക്കുന്നു. കുടുംബത്തിലെ പ്രധാനി പ്രാർത്ഥനയ്ക്ക ശേഷം ഈ അപ്പം മുറിച്ച് തേങ്ങാ പാലിൽ മുക്കി കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആള് മുതൽ താഴോട്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ ദേശമനുസരിച്ച് ഇതിന്റെ രീതികൾ മാറാറുണ്ട്.

പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ അപ്പത്തിനും പാലിനും കേരളത്തിൽ പ്രാദേശികമായി ചില മാറ്റങ്ങൾ ഒക്കെ കാണാറുണ്ട്. പാല് കുറുക്ക് ഉണ്ടാക്കി പെസഹാ രാത്രിയിൽ കഴിക്കുകയോ അല്ലെങ്കിൽ ദുഃഖവെള്ളി ദിനത്തിൽ കയ്‌പ്പ് നീരിനൊപ്പം കട്ടിയായ പാല് കുറുക്ക് ഭക്ഷിക്കുന്നതും ചില ഇടവകകളിൽ പതിവുണ്ട്.