- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി തിരുനാൾ; ശയന പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ
മയ്യഴി: മാഹി സെയ്ന്റ് തെരേസാ തീർത്ഥാടന ദേവാലയ തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പ്രധാന തിരുനാൾ ദിനമായ ശനിയാഴ്ച പുലർച്ചെ രണ്ടിന് തുടങ്ങിയ ശയനപ്രദക്ഷിണം ഏഴുമണിവരെ നീണ്ടു. അർധരാത്രിമുതൽ ദേവാലയത്തിന് മുന്നിൽ ഉരുൾനേർച്ചയിൽ പങ്കെടുക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ടനിരയായിരുന്നു.
ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് ഉരുൾച്ച തുടങ്ങിയത്. സഹവികാരി ഫാ. ഡിലു റാഫേൽ, പാരീഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്ക് സുൽത്താൻപേട്ട് രൂപതാ മെത്രാൻ ഡോ. ആന്റണി സാമി പീറ്റർ അബീർ കാർമികത്വം വഹിച്ചു. ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. കോഴിക്കോട് രൂപതാ വികാരി ജനറാൾ ജെൻസൺ പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന മൈത്രീസംഗമം രമേശ് പറമ്പത്ത് എംഎൽഎ. ഉദ്ഘാടനം ചെയ്തു.
അമ്മത്രേസ്യയുടെ തിരുരൂപവും വഹിച്ചുള്ള രഥഘോഷയാത്ര രാത്രി എട്ടിനാണ് ആരംഭിച്ചത്. ടൗണിനെ വലംവച്ച് അർധരാത്രിയോടെ പള്ളിയിൽ സമാപിച്ചു. വീടുകളിൽ മെഴുകുതിരി തെളിച്ചും ക്ഷേത്രപൂജാരിമാർ പുഷ്പഹാരമണിയിച്ചുമാണ് മയ്യഴി മാതാവിന്റെ നഗരപ്രദക്ഷിണത്തെ വരവേറ്റത്. ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. പള്ളിതിരുന്നാളിൽ പങ്കെടുക്കാൻ അയൽസംസ്ഥാനങ്ങളിൽനിന്നടക്കം വിശ്വാസികൾ വെള്ളിയാഴ്ച പള്ളിയിലെത്തി.
ഞായറാഴ്ച രാവിലെ ഏഴിനും ഒൻപതിനും 11-നും ദിവ്യബലിയുണ്ടാകും. വൈകിട്ട് ആറിന് കോഴിക്കോട് രൂപത വികാരി ജനറാൾ ജെൻസൺ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും 22-ന് തിരുനാൾ സമാപിക്കും.