- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ രാവിലെ
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഭക്തർക്ക് വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകും.
ചൊവ്വാഴ്ച രാവിലെ ഉഷഃപൂജയ്ക്ക് ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും. ശബരിമലയ്ക്ക് പത്ത് പേരും മാളികപ്പുറത്തിന് എട്ട് പേരുമാണ് പട്ടികയിലുള്ളത്. ഇതിൽ ആറുപേർ രണ്ടുപട്ടികയിലുമുണ്ട്. ആദ്യം ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പാണ് നടക്കുക. അന്തിമ പട്ടികയിൽ ഉൾപ്പെട്ട 10 ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജിച്ചശേഷമാണ് നറുക്കെടുക്കുന്നത്.
പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ നറുക്കെടുക്കും. തുടർന്ന് മാളികപ്പുറത്ത്, അവിടത്തെ മേൽശാന്തിയെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിലെ പൗർണമി ജി.വർമ നറുക്കെടുക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ.ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. പൂജകൾ പൂർത്തിയാക്കി 22-ന് രാത്രി നടയടയ്ക്കും.