ബെംഗളൂരു: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റായി തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ തിരഞ്ഞെടുത്തു. സെക്രട്ടറി ജനറലായി വസായ് ആർച്ച് ബിഷപ് ഡോ.ഫെലിക്‌സ് മച്ചാഡോ തുടരും. മദ്രാസ് മൈലാപൂർ ആർച്ച് ബിഷപ് ഡോ.ജോർജ് ആന്റണി സ്വാമിയും ബത്തേരി ബിഷപ് ജോസഫ് മാർ തോമസുമാണ് പുതിയ വൈസ് പ്രസിഡന്റുമാർ. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് മാർ താഴത്തിന്റെ നിയമനം.

സിറോ മലബാർ സഭ സിനഡിന്റെ സ്ഥിരാംഗം, പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ, കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെസിബിസി) ജാഗ്രതാ കമ്മിഷൻ അംഗം, വിദ്യാഭ്യാസ കമ്മിഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. സിബിസിഐ വൈസ് പ്രസിഡന്റായും കെസിബിസി പ്രസിഡന്റായും നേരത്തേ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് ജോൺസ് നാഷനൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന സിബിസിഐ സമ്മേളനം ഇന്ന് സമാപിക്കും.